Saturday, December 10, 2011

മൗനിയായ്‌ അകലുന്ന പ്രണയം

 ആ വാടിയ ചെമ്പകപൂവിന്റെ ഇതളുകള്‍ എനിക്ക് തരുമ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍ എനിക്കൊന്നേ...ആവശ്യമുള്ളൂ .നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന  ആ വാടിയ ചെമ്പകപ്പൂ..സ്നേഹത്തിന്റെ അരുവി ഒഴുകുന്ന നിന്റെ ഹൃദയം എനിക്ക് തരുമെന്നറിയാം എങ്കിലും
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....നിന്റെ ഹൃദയം നോവും നിന്നെ ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
             ഇതളുകള്‍ മാത്രം മതീ.........  
എന്റെ കണ്ണ് നീരിനാല്‍ നീയൊരു പൂന്തോട്ടം നിര്‍മ്മിച്ചു 
അതില്‍ ആശ്വാസത്തിന്റെ പനനീര്‍ ചെടികള്‍ നീ വളര്‍ത്തി 
ആ ചെടികളില്‍ സ്നേഹത്തിന്റെ നിറമുള്ള
ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു
സന്തോഷത്തിന്റെ വസന്തകാലത്താല്‍
പൂമ്പാറ്റകള്‍ സല്ലപിക്കുന്നത് കണ്ടു
നീ മാത്രം സന്തോഷിച്ചു.മുള്ളുകള്‍ കൊണ്ട്
നീന്റെ കൈകള്‍ നോവാതിരിക്കാന്‍
മുള്ളുകളെ എന്റെ ഹൃദയം കൊണ്ട്
മൂട്പടം തീര്‍ത്തു .എന്റെ കൈകളിലെ രക്തം
നിനക്കുള്ള ചുവന്ന പൂക്കളായ് മാറി
എങ്കിലും മൗനിയായ്‌ നീ അകലുമ്പോള്‍
ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍
കാലമെന്ന മുള്ളുകള്‍ എന്നെ വേദനിപ്പിക്കില്ലായിരിക്കും.

Saturday, November 12, 2011

ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല"

ഇന്ന് നവംബര്‍ 12...
അവന്‍ തന്റെ ഡയറിയില്‍ കുറിച്ചു
"ഏകാന്തതയുടെ വിശാലമായ ലോകത്ത്
ചിന്തകളുടെ കുന്നിമണികള്‍ കൂട്ടി വെക്കുമ്പോള്‍
ആരോ ഒരാള്‍ എനിക്ക് സമ്മാനിച്ച ഒരു പനനീര്‍ ചെടി
വരണ്ട ഭൂമിയാകുന്ന മനസ്സില്‍ നട്ടു വളര്‍ത്തി
സ്നേഹ മഴ കൊണ്ട് എപ്പോഴും നനച്ചു.
ആശ്വാസ വാക്കുകള്‍ കൊണ്ട് പരിപാലിച്ചു
പലപ്പോഴും അതിന്റെ മുള്ളുകള്‍ കഠിനമായി വേദനിപ്പിച്ചു
ആ വേദനകള്‍ ഓര്‍മ്മകള്‍ കൂട്ടി വെക്കുന്ന എന്റെ മയില്‍‌പീലിയിലെ
വര്‍ണ്ണങ്ങളായ് മാറി . 
ഇപ്പോഴിതാ ആ പനിനീര്‍ ചെടിയില്‍ ഒരു ചെറു പുഷ്പം .
പുഞ്ചിരിച്ചു കൊണ്ട് വിടര്‍ന്നു നില്‍ക്കുന്നു . 
എന്റെ ഏകാന്തതയെ കളിയാക്കി ചിരിച്ചു കൊണ്ട്.  
എനിക്ക് വേണ്ടി വിടര്‍ന്ന പുഷ്പമല്ല എന്നറിയാമെങ്കിലും
  ഞാന്‍ മെല്ലെ മന്ത്രിച്ചു ...
"ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല" ......
അവനും അവന്റെ പനിനീര്‍ പുഷ്പത്തിനും
ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ ആശംസകളും നമുക്ക് നേരാം ....

Thursday, October 13, 2011

ഓര്‍മകളുടെ പൂമഴ

 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയുന്ന ഒരു ചിത്രം അപ്രതീക്ഷിതമായി  നമുക്ക് കിട്ടിയാല്‍ മനസ്സിന്റെ സന്തോഷം എങ്ങിനെ പറഞ്ഞു അറിയിക്കാന്‍ പറ്റും  .ഇപ്പൊ എന്റെമനസ്സില്‍ ആ സന്തോഷത്തിന്റെ പൂമഴ പെയ്യുകയാണ് ,ഓര്‍മകളുടെ പൂമഴ .ഈ പുമഴ ഞാന്‍ നനയുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി .അതെ നാലാം ക്ലാസ്സിലെ ആ ക്ലാസ് ഫോട്ടോ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു .ആ സ്ലൈറ്റില്‍ എഴുതിയിരിക്കുന്ന "4.B" എന്നെ വീണ്ടും ആ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്നു .ഞാന്‍ കുറച്ചു നേരം നനഞ്ഞോട്ടെ ആ പൂമഴ ...."സൂര്യഭായ് ടീച്ചര്‍ ഹാജര്‍ പട്ടിക വിളിച്ചതിന് ശേഷമാണ് ഞങ്ങളോട് ആ സന്തോഷമുള്ള കാര്യം പറയുന്നത് "നാളെ എല്ലാവരും പുതിയ ഡ്രസ്സ്‌ ഇട്ടു വരണം നാളെ ഫോട്ടോ എടുപ്പ് ഉണ്ട് നാളെ ആരും മുടങ്ങരുത്‌ " എല്ലാവര്ക്കും സന്തോഷമായി .സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉടനെ തന്നെ ഞാന്‍ ഉമ്മയോട് പറഞ്ഞു "നാളെ ഞാന്‍ പെരുന്നാളിന് എടുത്ത ഡ്രസ്സ്‌ ഇടും നാളെ സ്കൂളില്‍ ഫോട്ടോയെടുക്കലാണ് ".എന്റെ സന്തോഷം കണ്ടിട്ടാകണം ഉമ്മ പുഞ്ചിരിച്ചു "പിന്നേ ഒരു ഫോട്ടോകാരന്‍ എന്നിട്ടെന്തിനാ " താത്തയുടെ കളിയാക്കല്‍ എനിക്കത്ര പിടിച്ചില്ല "ഉമ്മാ ഈ കുഞ്ഞാത്ത പറയുന്നത് നോക്ക് " ഞാന്‍ ചിണുങ്ങി .ഉമ്മ ഒരു പുഞ്ചിരിയോടെ വീണ്ടും തന്റെതായ ലോകത്ത് " നീ ആ ഡ്രസ്സ്‌ അഴിച്ച് വെച്ച് ചായ കഴിക്ക്" ഉമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനം .എന്റെ മനസ്സില്‍ ഇന്നുണ്ടായ ആ സന്തോഷത്തിന്റെ പൂമഴ .കാലത്ത് പുതിയ ഡ്രസ്സ്‌ ഇട്ടു  സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുകയാണ് "ഉമ്മാ ഞാന്‍ സ്കൂളില്‍ പോകുവാ " ഒരു രൂപ താ " അത് പറയുമ്പോള്‍ എന്റെ മനസ്സില്‍ അയ്യപ്പെട്ടന്റെയും മാനുക്കയുടെയും കടയിലെ ഉപ്പു പുരട്ടിയ ഓറഞ്ച് ആയിരുന്നു ഒരു രൂപ കയ്യില്‍ തരുമ്പോള്‍ ഉമ്മ ഒന്നും കൂടെ തന്നു" ലോകത്തില്‍ എനിക്ക് തോന്നിയ ഏറ്റവും വലുത് ,ഇനി എനിക്ക് കിട്ടാത്ത ഒന്ന് മാതൃചുംബനം "അത് തരുമ്പോള്‍ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നോ ......അന്നത്തെ ചെറിയ കുട്ടിക്ക് അതിനുള്ള പക്യത ഉണ്ടായിരുന്നില്ല .എങ്കിലും എല്ലാ സന്തോഷ ത്തോടെ ഞാന്‍ സ്കൂളിലേക്ക് ഓടി .ഒന്നാമത്തെ പിരിട് കഴിഞ്ഞു  .സൂര്യഭായ് ടീച്ചറുടെ ശബ്ദം "എല്ലാവരും വരി വരിയായി നടന്നു നമ്മുടെ ക്ലാസ്സിന്റെ പിന്നിലേക്ക്‌ നടക്ക് .ഞങള്‍ അത് പോലെ നടന്ന് ഫോട്ടോ എടുക്കുന്ന സ്ഥലത്തെത്തി .ക്യാമറയും പിടിച്ചു ഫോട്ടോ ഗ്രാഫെര്‍ .സൂര്യഭായ് ടീച്ചര്‍ തന്നെ  ഞങളെ ഒരുമിച്ചു നിര്‍ത്തി .ഫോട്ടോ ഗ്രാഫറുടെ എല്ലാവരും റെഡിയല്ലേ എന്ന ചോദ്യം കേട്ടതോടെ ഞങളുടെ കുഞ്ഞു മനസ്സില്‍ കുഞ്ഞു ഗൌരവം വിടര്‍ന്നു .പിന്നെ ഒരു ശബ്ദവും ഒരു വെളിച്ചവും .ആ നിമിഷവും  ഓര്‍മകളുടെ ഒഴുക്കിലേക്ക്‌ നീങ്ങി ആ നിമിഷം ഒരു ചിത്രമായി മാറി .അഞ്ചു രൂപ കൊടുത്തു ആ ഫോട്ടോ വാങ്ങി വീട്ടില്‍ വന്നു ഉമ്മയെ യും താത്തയെയും കാണിക്കുമ്പോള്‍ ..സന്തോഷത്തിന്റെ പൂമഴ അവിടെയും പെയ്തു .പക്ഷെ കാലം എന്ന കാറ്റ് ആ ഫോട്ടോ യെ എന്നില്‍ നിന്ന് അകറ്റി ..വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാണ് ഞാന്‍ ആ ഫോട്ടോ കാണുന്നത് അന്നത്തെക്കാളും വികാരപരമായ നിര്‍വൃതി ഇന്ന് ഞാന്‍ അനുഭവിക്കുന്നു  .ഈ ഫോട്ടോ കളയാതെ എടുത്തു വെച്ച എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ശ്രീകൃഷണന്റെ അമ്മയായ കോമളവല്ലി ടീച്ചറോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയുണ്ട് .നന്മകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി .ഈ ഫോട്ടോയില്‍ ഞാന്‍ ഏതാണെന്ന് പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക് എന്നെ കണ്ടെത്തിയാല്‍ ഒരു കുഞ്ഞു സമ്മാനം തരാം.ഞാന്‍ ഈ ഓര്‍മകളുടെ പൂമഴ യില്‍ നനയട്ടെ ....മെല്ലെ മെല്ലെ നിദ്രയിലേക്കും......  
പ്രവാസത്തിന്റെ പട്ടുമെത്തയില്‍ കിടന്നു ഞാന്‍ മെല്ലെ കണ്ണുകളടച്ചു ....അങ്ങ് ദൂരെ നിന്ന് ........ഒരു താരാട്ട് പാട്ട് ആ താരാട്ട് പാട്ടിന്റെ നാദങ്ങള്‍ക്കൊപ്പം ആരോ എന്നെ തലോടുന്നു ...........ഞാന്‍ നിദ്രയുടെ ആഴങ്ങളിലേക്ക്  ആരെങ്കിലും വിളിച്ചു വോ ....മോനെ " വീണ്ടും സ്നേഹമന്ത്രണം ഞാന്‍ മെല്ലെ കണ്‍കള്‍ തുറന്നു എന്റെ മുന്നില്‍ പൂനിലാവ്‌ ഉദിച്ചു നില്‍ക്കുന്നു "ശുഭരാത്രി" പൂ നിലാവ് മന്ത്രിച്ചു ...പുഞ്ചിരിച്ചു കൊണ്ട് ഞാനും നിദ്രയിലേക്ക്

Wednesday, September 14, 2011

നീ കവിതയേക്കാള്‍ മനോഹരം


 നിന്റെ വികൃതിക്കൊരു കവിത പിറന്നു വെങ്കില്‍  
 നീ കവിതയേക്കാള്‍ മനോഹരം .............. 
 നിന്റെ ചിന്തകള്‍ക്ക് ജീവന്‍വെച്ചുവെങ്കില്‍  
 നീ  ജീവനേക്കാള്‍ മനോഹരം ...................  
 നിന്റെ വരികളില്‍
 ഇലകളില്‍ നിന്ന് ഇലകളിലേക്ക്  
 പോകാന്‍ കൊതിക്കുന്ന അപ്പൂപ്പന്‍ താടിയേക്കാള്‍    
 മൃദുലതയുണ്ടെങ്കില്‍  
 നിന്റെ വാക്കുകള്‍ക്ക്  മഴയെ പ്രണയിക്കുന്ന  
 മയില്‍‌പീലിയുടെ  നൃത്ത ചുവടുകളാണെങ്കില്‍ 
 സായാഹ്ന സന്ധ്യയെ കാത്തിരിക്കുന്ന  
 പൂങ്കുയില്‍ പിന്നെയും പറയുന്നു ....... 
 നീ കവിതയെക്കാള്‍ മനോഹരം  
 നീ ജീവനേക്കാള്‍ മനോഹരം

 
 

Monday, September 12, 2011

കുട്ടീ ..നീയറിയുക

കുട്ടീ ....നീയറിയുക 
  നിന്‍ വിരലുറുമിയാല്‍ വീശുന്ന..
  വാക്കിന്‍ മൂര്‍ച്ച കൊണ്ട് മുറിയില്ലോരിക്കലും..
  വാക്കിന്‍ മുറിവുകളാല്‍ തീര്‍ത്തതാണെന്‍ ഹൃദയം..
  കുട്ടീ.....നീയറിയുക ....
  ചെളിവെള്ളത്താല്‍ കുതിര്‍ന്ന നിന്റെ കൈകളാല്‍ 
  വാരിയോഴിചാലും നനയില്ല ഞാന്‍ ....ഒരു ചെളികടല്‍ 
  തന്നെ നീന്തി കടന്നവനാണ് ഞാന്‍......
  കുട്ടീ ...നീയറിയുക......
  നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന
  ഏകാന്തതയാല്‍ മല്ലിടുന്ന നിന്റെ വാക്കുകള്‍ 
  എന്നെ നോവിക്കില്ല
  ഏകാന്തതയുടെ ഒരു ലോകംതന്നെ
  എന്റെ മുന്നിലുണ്ട് 
  കുട്ടീ ..നീയറിയുക
  വലിയ ലോകത്തിനു മുമ്പില്‍ 
  നിന്റെ ലോകം ചെറുതാണ്
 

Sunday, September 04, 2011

ആ തണല്‍മരം

"മിഴിയിണ നനഞ്ഞത്‌ എന്തായിരുന്നു ".......നിശയുടെ സൗന്ദര്യത്തോടൊപ്പം ഗസലിന്റെ ഈരടികള്‍. ബഹ്റൈനിലെ പെരുന്നാള്‍ രാത്രിയില്‍ ,ഗസലിന്റെ മാസ്മരികതയില്‍ ലയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ ,ഒരു ഫോണ്‍ കാള്‍ ....സൗദി നമ്പര്‍ ആണല്ലോ ഞാന്‍ മനസ്സില്‍ വിചാരിച്ചു,ആരായിരിക്കും.....           .ഇതിനു മുമ്പ് ഒരിക്കല്‍ മാത്രം കേട്ട ശബ്ദം ,             
              "ഷാജീ...........ഉണ്ണിയെട്ടനാണ്".
            "ഉണ്ണ്യേട്ടാ ....എന്താണ് വിശേഷങ്ങള്‍ സുഖം തന്നെയല്ലേ ".. 
         "സുഖം ഷാജി ......ഞാന്‍ ബഹറൈനില്‍ ഉണ്ട്" , 
           "എനിക്ക് നിങ്ങളെയൊക്കെ കാണണം എന്നുണ്ട് ഷാജി" .
    .    "അതിനെന്താ ...നാളെ ഞാന്‍ ഉച്ചക്ക് വരാം ഉണ്ണ്യേട്ടാ" 
          .".താഹിറിനെയും കൂട്ടണം ...."
     .    "ഞങള്‍ രണ്ടാളും ഉണ്ടാകും "...
          "എന്നാല്‍ നാളെ കാണാം ഉണ്ണ്യേട്ടാ "..... 
 ഉണ്ണിയേട്ടന്‍ എന്റെ നാട്ടുകാരന്‍ ആണെങ്കിലും ഞാന്‍ ഉണ്ണ്യെട്ടനെയോ ,ഉണ്ണ്യേട്ടന്‍ എന്നെയോ ഇതിനു മുമ്പ് കണ്ടിട്ടില്ല, സൌഹൃദകൂട്ടായ്മയായ ഫേസ്ബുക്ക്‌ വഴിയാണ് പരിചയപ്പെടുന്നത് .ഓര്‍മകളെ ഒരുപാടിഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍  ,എനിക്ക് തോന്നുന്നത് അത് തന്നെയായിരിക്കണം സൗഹൃദമെന്ന തണല്‍മരത്തില്‍ ഞങ്ങള്‍ വഴി യാത്രക്കാരെ പോലെ കണ്ടു മുട്ടിയത്‌ .ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ              എഴുത്തിനെ കുറിച്ചായിരുന്നു എന്നോട് സംസാരിച്ചത് ,ഇനിയും എഴുതണം ,വായിക്കണം സീരിയസ് ആയി അതിനെ കാണണം.....ഒരു പാട് സന്തോഷമാണ് തോന്നിയത് ,ഒരു പാട് ജീവിതം കണ്ട ,ഒരു പാട് ജീവിതാനുഭവങ്ങളുള്ള ,പഠിക്കുമ്പോള്‍ കോളേജ് ചെയര്‍മാനായിരുന്ന ,കാമ്പസ് രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ഉണ്ണിയേട്ടന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഉച്ചക്ക് രണ്ടു മണിയായി ഞാനും താഹിറും ഉണ്ണിയേട്ടന്റെ അടുത്ത് എത്തുമ്പോള്‍. ദിക്കറിയാതെ പാഞ്ഞു കൊണ്ടിരിക്കുന്ന ബഹ്റൈനിലെ വാഹങ്ങളുടെ ശബ്ദത്തിലും ,പ്രവാസത്തെ കൂടുതല്‍ ചൂടുള്ളതാക്കാന്‍ എപ്പോഴും ഇഷ്ട്ടപെട്ടിരുന്ന സൂര്യന്റെ തലോടലിലും ഞങ്ങള്‍ സൗഹൃദത്തിന്റെ ആ തണല്‍ മരത്തില്‍ സ്നേഹത്തിന്റെ കാറ്റേറ്റു ഞങ്ങള്‍ ഇരുന്നു. ഒരു പാട് ജീവിതാനുഭവങ്ങള്‍ ഉള്ളതായിരിക്കണം  ഉണ്ണിയേട്ടന്റെ ഉപദേശങ്ങള്‍ക്ക് ,ആത്മവിശ്വാസത്തിന്റെ കാതല്‍ തന്നെ ഉണ്ടായിരുന്നു .തിരികെ പോരുമ്പോള്‍ ,ഉണ്ണിയേട്ടന്റെ ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷികത്തിന്  ബഹ്റൈനിലെ റേഡിയോ വോയിസ്‌ ,നിശാഗന്ധി എന്നാ പ്രോഗ്രാമില്‍ അവതരിപ്പിച്ച ഒര്മാകുരിപ്പുകള്‍ അടങ്ങിയ സി.ഡി യും ഒപ്പം കമലാ സുരയ്യയുടെ "ഹംസധ്വോനി" എന്ന ബുക്കും  സമ്മാനമായി തന്നപ്പോള്‍ ,ഞാന്‍ ചിന്തിച്ചുപോയ് തണല്‍ മരങ്ങള്‍ എന്താ ശ്വാസമാണെന്ന്. താഹിര്‍ എന്റെ കൂട്ടുകാരനാണെങ്കിലും പ്രവാസത്തിന്റെ തിരക്കിനിടയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞി രുന്നില്ല .ഉണ്ണിയേട്ടന്റെ സാന്നിധ്യം കാരണമാകണം ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് 

.ഞാന്‍ ചിന്തിക്കുന്നു ..."സൗഹൃദങ്ങള്‍ എപ്പോഴും ഒരു തണല്‍ മരം പോലെയാണ് ...
ജീവിതത്തിന്റെ....യാത്രയില്‍ ഇടയ്ക്കു കടന്നു വരുന്ന
ചൂടില്‍ നിന്ന് ഒരാശ്വാസമായി ആ തണല്‍ മരത്തില്‍ ഒന്നിരിക്കാന്‍
നമ്മള്‍ കൊതിക്കുന്നു ......ആ തണല്‍ മരങ്ങളിലെ കാറ്റ്
ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌ ......ആ തണല്‍ മരങ്ങളിലെ സംഗീതത്തില്‍
കുറച്ചു നേരം വിശ്രമിക്കാത്തവര്‍ ആരുണ്ട്‌ ........
എന്നും ഒരു തണലായ്‌ ....
തളരുമ്പോള്‍ ഒരു കൈ താങ്ങായ്
സ്നേഹത്തിന്റെ വേരുകളാല്‍ വളര്‍ന്ന ആ
തണല്‍ മരങ്ങള്‍ എന്നെന്നും നില നില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..

Thursday, August 11, 2011

.പ്രവാസം നല്ല മധുരമല്ലേ....

                   "ഒന്നാം തീയ്യതി റൂം ഒഴിയണം .....നൂറ്റമ്പത് ദിനാറിന് ആളായിട്ടുണ്ട്".ഇത് കേട്ടതും ,അവനൊന്നു  അന്ധാളിച്ചു ,എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു."നാളെ പറയാം "എങ്ങിനെയോ അവന്‍ പറഞ്ഞൊപ്പിച്ചു .            ഉച്ചയായി കടയില്‍ നിന്ന് ഇറങ്ങി ,നല്ല ചൂടുണ്ട് മെല്ലെ മെല്ലെ റൂമിലേക്ക്‌ നടന്നു നീങ്ങി..ബഹ്റൈനിലെ കെട്ടിടങ്ങള്‍ അവനെ നോക്കി ചിരിക്കുന്നു."പ്രവാസം, നല്ല മധുരമല്ലേ ".....ആ വാക്കുകള്‍ അവന്‍ കേട്ടതായി ഭാവിച്ചില്ല .അവന്റെ മനസ്സില്‍ ആ  റൂം ആയിരുന്നു "എല്ലാം എനിക്ക് നഷ്ടപ്പെടുകയാണല്ലോ "എന്ന ചിന്ത അവനെ ഉച്ച വെയിലിന്റെ ശല്യത്തേക്കാള്‍ ,മനസ്സിനെ ശല്യപ്പെടുത്തി തുടങ്ങി.അവനെല്ലാം ആയിരുന്നു ആ റൂം , അവന്റെ സ്വോര്‍ഗം ആയിരുന്നു അത് , കാരണം പ്രവാസമെന്ന നാലു ചുമരുകള്‍ക്കിടയില്‍ സ്വോയം ഉരുകുമ്പോള്‍ ആ ഉരുകലിന്റെ അവശിഷ്ട്ടമെന്നോണം കവിതകള്‍ ഉരുകി ഒലിച്ചത് ആ റൂമില്‍ നിന്നായിരുന്നു ,അവന്റെ മരുപ്പച്ച മാത്രമായി തീര്‍ന്ന പ്രതീക്ഷകള്‍ കഥകളായ് തീര്‍ന്നതും ആ റൂമില്‍ വെച്ചായിരുന്നു .ആ റൂമായിരിക്കണം അവന്റെ കവിതകള്‍ക്ക് ജീവന്‍ നല്‍കിയത് ,അവന്റെ കഥകളിലെ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ കിട്ടിയത് ,"അവന്റെയൊരു കഥയും  കവിതയും " അവഗണനയുടെ കഴുകന്‍മാര്‍ എവിടെ നിന്നോ വിളിച്ചു പറയുന്നതായി അവനു തോന്നി,അതിനിടയില്‍ വീണ്ടും അവന്‍ കേട്ടു "പ്രവാസം  നല്ല മധുരമല്ലേ"   അവന്‍ കേട്ടതായി ഭാവിച്ചില്ല .വീണ്ടും ചൂടിന്റെ കാഠിന്യം ,നടത്തത്തിന്റെ വേഗത " . "ദിനാറുകളുടെ മൂല്യം ,സ്വാര്‍ത്ഥതയുടെ മൂല്യം ,ഒരേ മൂല്യം ,പക്ഷെ മനുഷ്യന്റെ മൂല്യം കുറഞ്ഞു വരുന്നു. ബന്ധങ്ങളില്ല,.സൗഹൃദങ്ങളില്ല ,ഈ മൂല്യത്തിന്റെ ആകെ തുക പ്രവാസം " അവന്റെ ചിന്തകള്‍ ഭൂമിയോടൊപ്പം കറങ്ങി "ആദ്യം കടയുടെ കണക്കു ശരിയാക്ക് എന്നിട്ട് മതീ ...ദിനാറിന്റെ മൂല്യം നോക്കുന്നത് "         ഒറ്റപ്പെടുത്തലുകളുടെ കറുത്ത വണ്ടുകള്‍ മൂളുന്നത് അവന് കേള്‍ക്കാമായിരുന്നു .ഓരോ കാലടി വെക്കുമ്പോഴും അവന്‍ നഷ്ടപ്പെടലുകളുടെ കണെക്കെടുത്തു ആദ്യ കാലടി- ,അമൃതിനേക്കാള്‍ മധുരമുണ്ടായിരുന്ന മാതൃസ്നേഹം, രണ്ടാമത്തെ കാലടി- ആത്മ വിശ്യാസം തരേണ്ട പിതൃസ്നേഹം, മൂന്നാമത്തെ കാലടി-എപ്പോഴോ ആശ്വാസമായിരുന്ന പ്രണയം    . ഇപ്പോഴിതാ മൂല്യങ്ങളുടെ ഏടുകള്‍ ചിതലരിക്കുന്ന പ്രവാസത്തില്‍ തന്റേതായ ലോകം സൃഷ്ടടിച്ച ആ റൂമും . "തന്റെ ഡയറി" അവന്റെ മനസ്സ് വിങ്ങി ,ചിതറികിടക്കുകയാണ് അവന്റെ ഡയറിയും ബാഗും മറ്റു സാധനങ്ങളും ...പ്രവാസത്തിന്റെ സുന്ദരമായ  ഇതളുകള്‍ ...വിങ്ങിപ്പോട്ടി കൊണ്ട് അവന്‍ വാരിയെടുത്തു ,പിന്നിലെക്ക്  തന്നെ നടന്നു നീങ്ങി ,ആ നഷ്ടത്തെയും നെഞ്ചിലോതിക്കി,പിന്നില്‍നിന്ന് പ്രവാസമെന്ന രാക്ഷസന്മാര്‍ ആര്‍ത്തു അട്ടഹസിക്കുന്നുണ്ടായിരുന്നു ".പ്രവാസം നല്ല മധുരമല്ലേ   " ......അവനതു കേട്ടു.....അവന്‍ മാത്രം.

Saturday, August 06, 2011

ഇഫ്താര്‍ സംഗമം

"ഇഫ്താര്‍ സംഗമത്തിന്റെ കാര്യം ആദ്യം പറ "വാച്ച് നോക്കികൊണ്ട്‌ മുസ്തഫ പറഞ്ഞു .കോളേജിലെ കൈകഴുകുന്ന ടാങ്കിന്റെ മുകളില്‍ ഇരുന്നാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ."പതിനെട്ടാം തീയ്യതി ആയാലോ"വിജീഷ് പറഞ്ഞു .എല്ലാവരും ഒരു നിമിഷം നിശബ്ദമായി "പതിനെട്ടാം തീയ്യതി വേണ്ട അന്ന് എന്റെ അളിയന്റെ വീട്ടില്‍ നോമ്പ് തുറയാ ചിക്കന്‍ ബിരിയാണി..."ഘോരമായ ശബ്ദം, ഉമ്മര്‍ കുട്ടിയുടേത് ആയിരുന്നു ആ ശബ്ദം ,ശബ്ദം പോലെ തന്നെ ശരീരവും ഘോരമായിരുന്നു .അങ്ങിനെ ഉമ്മര്‍ കുട്ടിയുടെ ഭീഷണിക്ക് വഴങ്ങി ഇരുപതാം തീയ്യതിയിലേക്ക് മാറ്റി .ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ മറുപടിയും ഉമ്മര്‍ കുട്ടിയുടേത് ആയിരുന്നു "ചിക്കന്‍ ബിരിയാണി മതി  "എന്ന് പറയുമ്പോള്‍ അവനോടൊപ്പം ഞങ്ങളും ചിരിക്കുകയായിരുന്നു.പിന്നെ ഫണ്ട് പിരിവു ആയിരുന്നു .പെണ്‍കുട്ടികള്‍ക്ക് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ സമയ പരിമതി ഉള്ളത് കാരണം നിങ്ങളുടെ ഫുഡ്‌ കാലത്ത് കിട്ടും എന്ന മോഹന വാഗ്ദാനം അവരുടെ ഇടയില്‍ നിന്നുള്ള പിരിവു എളുപ്പമാക്കി .അങ്ങിനെ ഇരുപതാം തീയ്യതിയായി  കാലത്ത് തന്നെ കോളേജ് നടുത്തുള്ള നന്ദന്‍ സാറിന്റെ വീട്ടില്‍ ചായക്കുള്ള സാധനങ്ങളും ഫ്രൂട്ട്സും എത്തിച്ചു.ചിക്കന്‍ ബിരിയാണി പാര്‍സല്‍ ആണ് അതിന്റെ ചുമതല നേരെത്തെ തന്നെ ഉമ്മര്‍ കുട്ടി ചോദിച്ചു വാങ്ങിയിരുന്നു.സമയം ആറുമണിയായി അധ്യക്ഷ പ്രസംഗം തുടങ്ങി എന്നെത്തെയും പോലെ രാഷ്ട്രിയത്തെ കുറിച്ചും സാമൂഹിക മാറ്റങ്ങളെ കുറിച്ചും എപ്പോഴും  വാ തോരാതെ സംസാരിച്ചിരുന്ന വിജീഷ് ആയിരുന്നു അധ്യക്ഷന്‍ .അധ്യക്ഷ പ്രസംഗം പൊടി പൊടിക്കുകയാണ്.ഈ സമയം ഞാനും സൈഫുവും നന്ദന്‍ സാറിന്റെ വീട്ടില്‍ ചായ ഉണ്ടാക്കാനുള്ള തന്ത്രപ്പാടില്‍ ആയിരുന്നു .ക്ലാസ്സില്‍ ഇക്കണോമിക്സ് ന്റെ സിദ്ധാന്തങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന നന്ദന്‍ മാഷ്‌ നോമ്പിനെ കുറിച്ചും നോമ്പിന്റെ സവിശേഷതകളെ കുറിച്ചും സംസാരിക്കുന്നത് കേട്ട്  ഞങ്ങള്‍അന്തം  വിട്ടു നിന്നു .മൂന്നു വര്‍ഷത്തോളമായി ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതം കൊണ്ട് നന്ദന്‍ മാഷിനെ നോക്കി പോയി..ഇസ്ലാമിനെ കുറിച്ച് ഒരു പാട് വാചാലനായി ."അച്ഛാ പാല് "നന്ദന്‍ സാറിന്റെ മകന്‍ ഓടി വന്നു പറഞ്ഞു അവന്‍ കൈവിരല്‍ ചൂണ്ടിയിടത്തെക്ക് ഞങ്ങള്‍ നോക്കി ,ഞങ്ങള്‍ ഞെട്ടി പാല് തിളച്ചു പകുതി മുക്കാലും പുറത്തേക്കു പോയി .നോമ്പ് തുറക്കാന്‍ സമയമായി തുടങ്ങി ,ആകെ അങ്കലാപ്പ് ,"ചെക്കന്‍മാര്  കണ്ടാല്‍ .."ഞാനും സൈഫും മുഖത്തോട് മുഖം നോക്കി ,എന്ത് ചെയ്യണമെന്നു അറിയാതെ ,അവസാനം നന്ദന്‍ സാറ് കപ്പില്‍ കുറെ പച്ചവെള്ളം എടുത്തു ചായ പാത്രത്തിലേക്ക് ഒഴിച്ചു പാലിന് പകരം പച്ചവെള്ളം ,എന്തോ ഭാഗ്യം കൊണ്ട് പാല്ചായയുടെ കളര്‍ തന്നെ .അതും കൊണ്ട് പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് ഞാനും സൈഫുവും നന്ദന്‍ സാറും . "ചായ സുഖമില്ല" ആരോ പറയുന്നത് കേട്ടു ഞങ്ങള്‍ കേള്‍ക്കാത്ത പോലെ ചായ വിതരണം പുരോഗമിച്ചു കൊണ്ടിരുന്നു ,.ഒപ്പം ബിരിയാണിയും. എല്ലാവരും കൈകഴുകുന്ന തിരക്കില്‍ ,"ബിരിയാണി കലക്കി മോനെ "വീണ്ടും ഉമ്മര്‍ കുട്ടി യുടെ ഘോരമായ ശബ്ദം ,പെട്ടന്നാണ് അവന്‍ പോക്കെറ്റില്‍ തപ്പിയത് ബൈക്കിന്റെ കീ കാണുന്നില്ല വീണ്ടും അങ്കലാപ്പ് ....എന്ത് ചെയ്യും കഴിക്കുന്നതിന്റെ അടുത്താണ് കീ വെച്ചിരുന്നത് .വെസ്റ്റുകളെല്ലാം ഓരോ കവറിലാക്കി അപ്പുറത്തും ഇപ്പറത്തും ആയി ഇരിക്കുന്നു ,ഓരോ കവറിലെയും ഇറച്ചി കഷണങ്ങള്‍ അവന്‍ എടുക്കുമ്പോഴും അവനെ കളിയാക്കി പറയുന്നത് കേള്‍ക്കാമായിരുന്നു  "ചിക്കന്‍ ബിരിയാണി മതി".നോമ്പ് കാലമായാല്‍ ഇപ്പോഴും ഓര്‍ക്കും ഞാന്‍ ആ ഇഫ്താര്‍ സംഗമം ,നന്ദന്‍ സാറിനെയും കാരണം അന്ന് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ചിരുന്ന നന്ദന്‍ സാര്‍ ,ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ച നന്തന്‍ സര്‍ ഇന്ന് ജീവിതത്തിലും അത് പടര്‍ത്തി എന്ന് ആരോ വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും അത്ഭുതപ്പെട്ടു പോയ്‌ .നന്തന്‍ സാറിനു അത്രയേറെ സ്വാധിനിച്ചിരിക്കാം ഇസ്ലാം വിശ്വാസം. .പ്രവാസത്തിന്റെ തീക്ഷണതയില്‍ എപ്പോഴോ, സംസാരിക്കുന്നതിനിടയില്‍  ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട് ആ ഇഫ്താര്‍ സംഗമത്തെ കുറിച്ച് .ഈ നോമ്പിനും ഉമ്മര്‍ കുട്ടി ബിരിയാണി തന്നെ മതി എന്ന്  സൌദിയിലെ അവന്റെ റൂമിലെ കൂട്ടുകാരോട് പറയുന്നു എന്നറിഞ്ഞപ്പോള്‍ ചിരി അടക്കാനായില്ല ,ഒപ്പം കുന്നോളം സങ്കടവും ഇനി ഞങ്ങളെ തേടി ആ നല്ല കാലം വരില്ലല്ലോ ,ആ കോളേജിന്റെ കൈകഴുകുന്ന ടാങ്കില്‍ ഇരുന്നു വേറൊരു ഉമ്മര്‍ കുട്ടിയും വിജീഷും മുസ്തഫയും  സൈഫുവും മൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടാകണം ഇഫ്താര്‍ സംഗമം എന്ന് നടത്തണം എന്ന് .  


Friday, July 22, 2011

എനിക്കെന്നെ തിരിച്ചു തരൂ

ഉമ്മാ മാപ്പ് ..........................
  മനസ്സ് വേദനിക്കുന്നു ഉമ്മാ .................
  ചളിയുടെ ദുര്‍ഗന്ധം എന്നില്‍ എങ്ങിനെ വന്നു ഉമ്മാ .......... 
 ഉമ്മയുള്ളപ്പോള്‍ ആ നീലതടാകത്തില്‍......
 സുഗന്ധമുള്ള താമരകളല്ലേ ഉണ്ടായിരുന്നത് 
 ഇപ്പൊ ആ താമരക്ക്‌ ദുഗന്ധമാണ് ഉമ്മാ 
 എന്റെ ചുറ്റും ദുഗന്ധമാണ്  ഉമ്മാ....
 എന്നിലെ നല്ല സുഗന്ധം 
 എന്നിലെ നന്മകള്‍ 
 എനിക്ക് തിരിച്ചു തരൂ
  പോന്നുമ്മാ ....
 എന്നെ ചുറ്റിവരിയുന്ന 
 വിഷപാമ്പുകള്‍ 
  കാര്‍ന്നു തിന്നുന്ന തേളുകള്‍
   വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തത 
 അതുമാത്ര മാനെനിക്കിന്നു കൂട്ട് 
 എനിക്കെന്നെ തിരിച്ചു തരൂ ഉമ്മാ ........ 
 

Tuesday, July 19, 2011

        മരുഭുമിയിലെ ചുടുകാറ്റില്‍ ഉള്ളിലെ ചെറു തണുപ്പുപോലും
       തിളച്ചു മറയുന്നു .... ഉള്ളിലെ മണല്‍ തരികള്‍ വെന്തുരുകുന്നു
       ദൂരെ കാണുന്നു, മരുപ്പച്ചയോ അതോ വെറുതെ തോന്നുന്ന പ്രതീക്ഷയോ  
       എങ്ങോട്ടീ യാത്ര ചുറ്റും മണല്‍കടല്‍...
       എങ്ങിനെ നീന്തി കടക്കും ഈ കടല്‍ ...
       കൈകള്‍ തുഴയുന്നു 
       കാലുകള്‍ ഇടറുന്നു 
       ഞാന്‍ മാത്രമോ  അല്ല എനിക്ക് മുമ്പേ നീന്തി പോയവര്‍ 
       അവരിവിടെ വലിച്ചെറിഞ്ഞു പോയ മഞ്ഞുതുള്ളികള്‍.
       ഞാനാ മഞ്ഞുതുള്ളി കൈകളില്‍ കോരിയെടുത്തു  പക്ഷെ കൈകളില്‍ കണ്ണീരായ് താഴേക്ക്
       ആ കണ്ണീര്‍ ചൂടുള്ള മണല്‍ തരികളെ .....................
       വീണ്ടും ചൂടുള്ളുതാക്കി
       ഇനി ഒരുനാള്‍ ഈ മണല്‍ തരികള്‍ 
       ഉറപ്പുള്ള പാറകളായ് മാറും
       നീന്താന്‍ പോലുമാകാതെ തളര്‍ന്ന് മരവിച്ച് 
       ഞാനും ഒരുനാള്‍ ഉറപ്പുള്ള പാറയായ് മാറുന്നുവെങ്കില്‍ 
       നിന്നിലെ അരുവികള്‍ എന്റെമേല്‍ ഒഴുകണം
   
   
   
    
     
    
   

Monday, July 11, 2011

കലാലയമെന്ന സുഗന്ധമുള്ള പൂവ് ..

കോളേജിനടുത്തുള്ള ആ ഇടവഴി ചെറുതാണെങ്കിലും അതിലൂടെ പോകുന്നവര്‍ വലിയവരായിരുന്നു കാരണം കലാലയം തന്നെ ഏറ്റവും വലുതാണല്ലോ- സ്നേഹകൂടാരം,അവിടെ ജീവിതത്തിന്റെ കൈപ്പു നീര്‍ കുടിക്കേണ്ടി വരില്ല നമുക്ക് ഇനി ഉണ്ടെങ്കിലും ആ കൈപ്പുനീര്‍ കലാലയത്തിലെത്തുമ്പോള്‍ തെളിനീരായ് മാറും,അല്ലെങ്കില്‍ അവിടുത്തെ പൂമ്പാറ്റകള്‍ മാറ്റും. കലാലയ ജീവിതം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല, ഒരു കാര്‍ വണ്ടിനെ പോലെ മൂളികൊണ്ട് നടക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, ആ മൂളല്‍ മറ്റുള്ളവര്‍ക്ക് സന്തോഷ മുണ്ടാക്കുന്നുണ്ട് എങ്കില്‍ അത് തന്നെയാണ് വലുത്.കലാലയത്തിലെ ഓര്‍മകള്‍ക്ക് കിട്ടുന്ന നിര്‍വൃതി മറ്റൊന്നിനും ഇല്ല എന്നാണു എനിക്ക് തോന്നുന്നത് .പെയ്തു തീര്‍ന്നു പോയ ആ ദിനങ്ങള്‍ ഇനി ഒരിക്കലും പെയ്യില്ല എന്നറിഞ്ഞിട്ടും നമ്മള്‍ ഇടയ്ക്കു കൊതിക്കാറില്ലേ ആ മഴ വീണ്ടും പെയ്യാന്‍ ,ആ മഴയില്‍ ഒന്ന് നനയാന്‍ ,ആ മഴ നമ്മുടെ മനസ്സിനെ സ്വാധീനിച്ചത് കുത്തിയൊലിക്കുന്ന വെള്ള ചാട്ടത്തേക്കാള്‍ ശക്തമായല്ലേ.കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക പ്രണയം ആയിരിക്കും ഞങ്ങളുടെ കലാലയത്തിലും ഉണ്ടായിരുന്നു ഒത്തിരി പ്രണയങ്ങള്‍.ക്ലാസ്സിലേക്ക് കയറുമ്പോള്‍ തന്നെ കാണാം ആദ്യ ബഞ്ചിന്റെ ആദ്യത്തില്‍ രണ്ടു പേര്‍ നവാസും പ്രീതയും അവരുടെ പ്രണയത്തിനിടയില്‍ മതം ഒരു പ്രശ്നമേ അല്ലായിരുന്നു കാരണം അവരുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു.അറിയപ്പെടുന്ന കലാലയത്തില്‍ ചേരാന്‍ അവസരം ഉണ്ടായിട്ടും പ്രീത ഞങ്ങളുടെ കലാലയത്തില്‍ ചേരാന്‍ തയ്യാറായതും,  ഫീസ് അടക്കാന്‍ സാഹചര്യം മൂലം പലപ്പോഴും പറ്റാത്തതുകൊണ്ട്   പ്രീതയുടെ ഫീസ്‌ നവാസ് അടച്ചിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനിടയായത്‌ അവരുടെ പ്രണയം എത്ര മാത്രം ആഴത്തിലായിരുന്നു എന്ന് മനസ്സിലാക്കി തരുന്നു.സമൂഹത്തെ വെല്ലു വിളിക്കാന്‍ ആ  പ്രണയത്തിനു ശക്തി യില്ലാത്തത് കാരണമാകണം ആ പ്രണയം മഴയത്ത് ഇതളുകള്‍ അടര്‍ന്നു പോയ പൂവിനെ പോലെ താഴേക്കു വീണത്‌.എങ്കിലും ആ പൂവിന്റെ സുഗന്ധം ആ കലാലയത്തില്‍ ഇപ്പോഴുമുണ്ടെന്ന് ചിലപ്പോ തോന്നാറുണ്ട് .അത് പോലെ പ്രണയത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു മദ്രാസിലെ തിരക്കിനിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ പ്രതീഷും സൗമ്യയും സാഹചര്യങ്ങളെല്ലാം പ്രതികൂലമായിട്ടും ത്യാഗങ്ങള്‍ സഹിച്ചു ജീവിക്കുന്ന അവര്‍ക്കിടയിലുണ്ട് ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം .സുറുമയെഴുതിയ കണ്ണുകളുമായി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സലീന അവളുടെ ആ കണ്ണുകള്‍ ഇഷ്ടപെടുന്ന ഷിഹാബ് അവര്‍ക്കിന്നു എട്ടു മാസം പ്രായമായ കുഞ്ഞിന്റെ അടുത്തിരുന്നു ഇടവേളക്കിടയില്‍ എപ്പോഴോ എന്നോട് സംസാരിക്കുമ്പോള്‍ അവിടെയും ഉണ്ടായിരുന്നു ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം.ഇങ്ങിനെ ഒരുപാടുണ്ട് കലാലയത്തെ കുറിച്ച് പറയുമ്പോള്‍ അനിയത്തിയെ പോലെ സ്നേഹം തന്നിരുന്ന മോളു എന്ന് വിളിക്കുന്ന ശാലിനിയും ,മഞ്ഞ ചോറ്മായി കടന്നു വരുന്ന കഞ്ചു വും ,എനിക്കേണ്ടി പൊതിച്ചോറില്‍ സൗഹൃദത്തിന്റെ  അമൃതം മാറ്റി വെക്കുന്ന ഇപ്പോഴും എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സുരേഷും, മിഠായിക്ക് വേണ്ടി തല്ലുകൂടിയ ഉമ്മര്‍ കുട്ടിയും നൌഷാദും,എപ്പോഴും അഞ്ചു മിനിറ്റു വൈകി വരുന്ന ഗാന്ധി എന്ന് വിളിക്കുന്ന പ്രസാദും,അങ്ങിനെ എത്രയേറെ കഥാപാത്രങ്ങളും ഓര്‍മകളുമാണ് കലാലയം .ആ കലാലയത്തിലെ സുഗന്ധം എന്റെ ജീവിതത്തിലെ സങ്കടമെല്ലാം സന്തോഷമുള്ളതാക്കിയിരുന്നു എന്ന് ഇന്ന് ഞാനറിയുന്നു."ഹേ കലാലയമേ എന്തിനു ഞങ്ങളെ വിട്ടകന്നു .....ജീവിതത്തിലെ പേടിപ്പെടുത്തുന്ന യാഥാര്ത്യങ്ങള്‍ക്കിടയില്‍ തള്ളി വിട്ടുകൊണ്ട് എന്തിനു നീ പോയി ........ഞങ്ങളെയെല്ലാം വേര്‍പാടിന്റെ വേദനയില്‍ നിര്‍ത്തി കൊണ്ട് നീ എങ്ങു പോയി ........നിനക്ക് പോകാതിരിക്കാമായിരുന്നില്ലേ.....ഞങ്ങളിന്നു നീറുകയാണ് ജീവിതത്തിനിടയില്‍ പെട്ട്....നിന്റെ ഓര്‍മ്മകള്‍ മാത്രമാണീ .ഞങ്ങള്‍ക്ക് ഏക ആശ്വാസം, വേര്‍പാടിന്റെ നിമിഷങ്ങള്‍ തന്ന് നീ പോയെങ്കിലും മറക്കില്ല ഞങ്ങള്‍ നിന്നെ ഒരിക്കലും... 
കണ്ണീരോടെ ...നിന്റെ സ്വൊന്തം 
                                                                                                                                                                                                                                -മയില്‍പീലി-

Sunday, July 03, 2011

നാണം കെട്ടവന്റെ കണ്ണുനീര്‍ ....

 സമയം 8.30 ,പെട്ടെന്ന് എണീറ്റ്‌ കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറുമ്പോഴാണ് ഓര്‍ത്തത്‌ ചോറ് എടുത്തില്ലല്ലോ എന്ന് ,എപ്പോഴും ഷാനി അങ്ങിനെ ആണ് ,എല്ലാം മറക്കും കാരണം ഏതു സമയത്തും ചിന്തകളുടെ ലോകത്താണ് ,ശരിക്കും പറഞ്ഞാല്‍ സ്വൊപ്ന ജീവി "നീ ഇങ്ങിനെ സ്വൊപ്നം കണ്ടു നടന്നാല്‍ എങ്ങനാ ...ഷാനി "അമ്മ എപ്പോഴും പറയുമായിരുന്നു ,ചോറ് പോതിയിലാക്കാന്‍ വേണ്ടി വാഴ തുമ്പിനു വേണ്ടി മുറ്റത്തേക്കിറങ്ങി ,വേഗം വാഴ തുമ്പ് വെട്ടി അടുക്കളയിലേക്കു ഓടുകയായിരുന്നു ,ചോറ് എടുക്കാന്‍ വേണ്ടി പാത്രം തുറന്നതും "തിന്നോ .........തിന്നാനല്ലേ അറിയൂ .....നാണ മില്ലെടാ.....ഇത്രയും വളര്‍ന്നിട്ടു പഠിക്കാന്‍ പോകാണത്രെ ...."ചോറിലേക്ക്‌ ഒരിറ്റു കണ്ണുനീര്‍ ...ആ കണ്ണുനീര്‍ ദൈവമാണമ്മ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയായിരുന്നു.വിശപ്പിനെക്കാള്‍ വലുതല്ലല്ലോ ആത്മാഭിമാനം ചോറ് കുറേശ്ശെ എടുത്തു വാട്ടിയ വാഴയിലയിലെക്കിട്ടു ,ഉപ്പേരിക്ക് വേണ്ടി ചെറിയ വാഴയില വാട്ടുവാന്‍ വേണ്ടി ഷാനി എടുത്തു ,ഒപ്പം സമയവും നോക്കി ഒന്നും ആലോചിച്ചില്ല ,ഗ്യാസ് തുറന്നു വാഴയില വാട്ടുവാന്‍ തുടങ്ങി "അത് ശരി.......തിന്നാന്‍ ഉണ്ടാക്കിയതും പോര..നിനക്ക് വേണ്ടി മാത്രമല്ല ഗ്യാസ് ...അതെങ്ങിനെ.. ...അറക്കുന്ന വാക്കുകള്‍ ...കുറ്റപ്പെടുത്തലുകള്‍ ,ഷാനിയുടെ നിയന്ത്രണം വിട്ടു ,..ചോറും വാഴയിലകളും വായുവിലേക്ക് പറന്നു ,വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ട് ഉറക്കെ ശബ്ദമുണ്ടാക്കി .സുനിയുടെ ഓരോ കാല്പാദങ്ങളും ആരോടോ ഉള്ള ദേഷ്യം തീര്‍ത്തു ,അവസാനം കണ്ണുനീര്‍ കണ്ണിനു മൂട് പടം തീര്‍ത്തു ,ബാഗുമെടുത്ത്‌ റോഡിലൂടെ .....തന്റെ കണ്ണുനീരിനാല്‍ കുതിര്‍ന്ന റോഡിലൂടെ ഷാനി നടന്നു തല താഴ്ത്തി കൊണ്ട്. താന്‍ മാത്രമാണ് ഇങ്ങിനെ ,തന്റെ മാത്രമേ ഉള്ളു നാണം കേട്ട ഈ ജീവിതം ,റോഡിലെ ചെറിയ മണ്‍ കല്ലുകളടക്കം തന്നെ കളിയാക്കുന്നു ,ബസ്സില്‍ കയറുമ്പോള്‍ പോക്കറ്റിലേക്കു നോക്കി മൂന്നു രൂപ ,വിദ്യാര്‍ഥി എന്ന പരിഗണന ഷാനിയെ വീണ്ടും നാണം കേട്ടവനാക്കി .പട്ടാമ്പിയില്‍ ബസ്സിറങ്ങുമ്പോള്‍ 9.15 ,റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വന്നതും ഒരുമിച്ചായിരുന്നു.ട്രെയിന്‍നീങ്ങി തുടങ്ങി കേറുന്ന വഴിയില്‍ തന്നെയാണ് .ഷാനി നിന്നത് ,ഷോര്‍ണൂര്‍ കഴിഞ്ഞതും ബാലിശമായ ചിന്തകള്‍ ഷാനിയുടെ മനസ്സിനെ കീഴടക്കി ,അമ്മ തന്നെ മാടി വിളിക്കുന്നു ,ദൂരെ എവിടെ നിന്നോ താരാട്ട് കേള്‍ക്കുന്നു ,,,വീണ്ടും കണ്ണുനീര്‍ മൂടുപടം തീര്‍ത്തു ഇരുട്ട് മാത്രം .........വായുവിലേക്ക് എടുത്തു ചാടുമ്പോഴും ആ താരാട്ട് പാട്ട് ഷാനി കേട്ടു..........മാലാഖമാര്‍  എത്തി ,തന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ ,"ഇനി കണ്ണ് തുറന്നോളൂ".......തന്റെ അമ്മയുടെ ശബ്ദം മെല്ലെ കണ്ണ് തുറന്നു .........മുകളില്‍ കറങ്ങുന്ന ഫാനും തന്നെ നാണം കേട്ടവന്‍ എന്ന് വിളിക്കുന്നു. .മരണത്തിനു മുമ്പിലും താന്‍ നാണം കേട്ടവനായി എന്ന യാഥാര്‍ത്ഥ്യം ...അറിഞ്ഞു കൊണ്ട് തന്നെ ഷാനി ഇന്നും ജീവിക്കുന്നു നമുക്കിടയില്‍ .........

Friday, June 17, 2011

വെറുതെയിരിക്കുമ്പോള്‍ നേരമ്പോക്കിനാലെനിക്ക്
  തോന്നിയെന്‍ കരള്‍ പിളര്‍ക്കുവാന്‍ ......
  കുത്തിയമര്‍ത്തി പിളര്‍ന്ന നേരം 
  ചോരക്കു കറുപ്പ് നിറം ...
  വൈകല്യങ്ങളുടെ 
  നൂല്‍കുത്തുകള്‍ .... 
  സ്വാര്‍ത്ഥതയുടെ  തുടിപ്പുകള്‍ 
  അമര്‍ഷത്തിന്റെ ഞരമ്പ്‌ 
  പാലങ്ങള്‍.......
  കൊട്ടിയടച്ചു ഞാന്‍ കരളിന്‍ 
  വാതില്‍ തുന്നി ചേര്‍ത്തുഞാന്‍
  കരളിന്‍ തോല്‍തുണി ......
  എങ്കിലും നൂല്‍പഴുതിലൂടെ  
  ഒലിക്കുന്ന ചോരക്കു ചുവപ്പ് നിറം ..
  ഉള്ളില്‍ കറുപ്പായ 
  ചുവപ്പ് നിറം ....

Monday, June 13, 2011

കാലത്തിന്റെ കുത്തൊഴുക്ക്

ഇടതൂര്‍ന്ന കഴുങ്ങു തോട്ടത്തിനിടയിലൂടെ കാണാമായിരുന്നു പാലം ,ഓണപറമ്പിലേക്കുള്ള പാലം  
കൊതരയിലേക്കുള്ള പാലം,ആദ്യമൊക്കെ റെമി പാലം കണ്ടിരുന്നത്‌ അക്കരെ പച്ച പോലെ ആയിരുന്നു ,അത് അടുത്ത് കാണാന്‍ ആ പിഞ്ചു മനസ്സ് വിങ്ങി.എന്നത്തേയും പോലെ ഇന്നും റെമി തോട്ടത്തിന്റെ അവസാനമുള്ള ആ തെങ്ങില്‍ ചാരി നിന്ന് പാലത്തിലേക്ക് നോക്കി .കുറച്ചു അകലയാണെങ്കിലും പാലത്തിനടിയിലെ വെള്ളം ഊളിയിട്ടു കളിക്കുന്ന പരല്‍ മീനുകളോട് കിന്നാരം പറയുന്നത് റെമിക്ക് കേള്‍ക്കാമായിരുന്നു.ഹരിത പുതപ്പുകൊണ്ട്‌ ചുറ്റുംമൂടിയ ആ പാലം റെമി കണ്‍ചിമ വെട്ടാതെ നോക്കി നിന്നു.ആരെയോ പ്രതീക്ഷിക്കു ന്നുണ്ട് റെമി. പാടവരമ്പിലൂടെ ആരോ നടന്നു വരുന്നു റെമിയുടെ കണ്ണുകള്‍ വിടര്‍ന്നു ,പ്രതീക്ഷകള്‍ നാമ്പിട്ടു ,അടക്കാ മരങ്ങള്‍ അവന്റെ സന്തോഷത്തിനൊപ്പം തുള്ളി ചാടി ഒപ്പം റെമിയുടെ മനസ്സില്‍ നിന്നും അവനറിയാതെ ശബ്ദം അവിടെയാകെ മുഴങ്ങി "കുഞ്ഞാ ..........................".ഇന്നാണ് റെമിയെ പാലം കാണിക്കാന്‍ കൊണ്ട് പോകേണ്ട  ദിവസം ,റെമിയുടെ തോട്ടത്തിലെ പണിക്കാരനാണ് കുഞ്ഞന്‍ ,എല്ലാവരും കുഞ്ഞന്‍ എന്ന് വിളിക്കുന്നത്‌ കേട്ടിട്ടാവണം റെമിയും അങ്ങിനെ വിളിച്ചു തുടങ്ങിയത് "ഡാ പല്ലും മുഖമൊന്നും കഴുകാതെ ആണോ നീ പാലം കാണാന്‍ പോരുന്നെ " മുറുക്കി ചുവപ്പിച്ച പല്ലുകള്‍ക്കിടയില്‍ ചുണ്ണാമ്പ് തേച്ച് കൊണ്ട് കുഞ്ഞന്‍ ചോദിച്ചു "വാ കുഞ്ഞാ നിക്ക് പാലം കാണണം .അങ്ങിനെ ആദ്യമായി പാലം റെമി കണ്ടു ,ഉറക്കെ ശബ്ദമുണ്ടാക്കി ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക്‌ വന്നു വീഴുന്നത്  
റെമി അത്ഭുതത്തോടെ നോക്കി നിന്നു .മീന്‍കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത് ,കൈതമുള്ളിന്റെ അപ്പുറത്ത് അലക്കുന്നതിന്റെ ഒച്ചകള്‍ ,പാടത്തെ വണ്ടുകള്‍, ഇടയ്ക്കു വന്നിറങ്ങുന്ന കൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോ കാണാതിരിക്കാന്‍ വേണ്ടി നീല മേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം,  
ഞണ്ടുകളുടെ കുസൃതികള്‍ എല്ലാം റെമി ആസ്വോദിക്കുകയായിരുന്നു. ഒരുവല്ലാത്ത നിര്‍വൃതിയോട്  
കൂടിയാണ് റെമി കുഞ്ഞനോപ്പം തിരിച്ചു വന്നത് കണ്ട കാഴ്ചകളെല്ലാം ഒരക്ഷരം വിടാതെ തന്റെ  
ഉപ്പാപ്പയോട് പറയുമ്പോള്‍ തോന്നിയ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.പിന്നെയും പലവട്ടം പോയി അവിടേക്ക് .ഉപ്പാപ്പയുടെ കയ്യും പിടിച്ച്‌.കളിക്കുന്നതിനടയിലാണ് റെമിയെ  ഉപ്പാപ്പ
ഒരിക്കെ കൊണ്ട് പോയത് എന്നും പാട വരമ്പിലൂടെ നടക്കുമ്പോള്‍ പഴയ കഥകളെ കുറിച്ച് പറയുമായിരുന്ന  
ഉപ്പാപ്പ മൌനിയായി നടക്കുന്നത് എന്തിനാണെന്ന് റെമിക്കു മനസ്സിലായില്ല പാലത്തിനടുത്ത് എത്തി ,പക്ഷെ 
ഒഴുകുന്ന തോടിനും ഉപ്പാപ്പയുടെ മൌനം അവന്‍ അന്ധാളിച്ചു .വെള്ളത്തുള്ളികള്‍ തെറിക്കുന്ന പാറയിലേക്ക്‌ അവനു നോക്കാന്‍ പേടിയായി കൈത മുള്ളിനിടയില്‍ നിന്നു ഒരു ശബ്ദവും അവന്‍ കേട്ടില്ല ,മുകളില്‍ ആകാശം ഇരുണ്ടു കൂടുന്നതും അവന്‍ അറിഞ്ഞില്ല .കുറെ ആള്‍ക്കാര്‍ ചുറ്റും "കുഞ്ഞന്റെ വീടാണല്ലോ"ആ മനസ്സ് മന്ത്രിച്ചു ,നിലവിളക്കിന്റെ വെള്ളിച്ചത്തില്‍ ഇരുട്ട് നിറഞ്ഞ ആ കുടിലില്‍ കുഞ്ഞനെ കണ്ടു .അവന്റെ കണ്ണുകള്‍ ഇരുളടഞ്ഞു .തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒഴുകുന്ന പുഴയെ അവന്‍ നോക്കിയില്ല കാരണം അവനറിയാമായിരുന്നു തോടിന്റെ ഒഴുക്കിന് ഇനി ഒരിക്കലും ശബ്ദമുണ്ടാക്കാന്‍ കഴിയില്ലെന്ന്.മണ്ണിനെ സ്നേഹിക്കുന്നവര്‍ ആ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു പോകുകയാണ് എന്ന സത്യം മനസ്സിലാക്കിയ ആ പിഞ്ചു മനസ്സ്‌ വിങ്ങി  "ഒരിക്കെ താനും  ഒലിച്ചു പോയേക്കാം കാലത്തിന്റെ കുത്തൊഴുക്കില്‍" .......... .

Friday, June 03, 2011

എന്തിനീ ജീവിതം..

അമ്മയോടൊപ്പം റേഷന്‍കടയിലേക്ക് പോകുമ്പോഴാണ് ആദ്യമായ് ചിഞ്ചു ആ ആനയെ കാണുന്നത്  കാണുമ്പോഴെല്ലാം കൊഞ്ചലോടെ ചിഞ്ചു അമ്മയോട് ചോദിക്കും "അയന് ജീവനുണ്ടോ അമ്മാ ." ഉണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വൊന്തം ആനയാ അത് നമ്മളെയെല്ലാം നോക്കാന്‍ വേണ്ടിയാ അതിനെ ഗണപതിമാഷ്‌  ഉണ്ടാക്കിയിരിക്കണത്  .ചിഞ്ചുന് പുതിയ അറിവായിരുന്നു അത് ,പെട്ടെന്നാണ് ഓര്‍മവന്നത് "അമ്മ നിച്ച് ഹോര്‍ലിക്സ് വാങ്ങിചായോ ..." ഇങ്ങോട്ട് വരുമ്പോ വാങ്ങിക്കാം ചിഞ്ചു ....പിന്നെ ഒന്നും മിണ്ടിയില്ല പെരിങ്ങോടിന്റെ കാഴ്ചകള്‍ അസ്വോദിച്ചു കൊണ്ട് ചിഞ്ചു നടന്നു .തിരിച്ചു വരുമ്പോള്‍ ഹോര്‍ലിക്സ് കയ്യില്‍ മുറുക്കെ പിടിച്ചാണ് ചിഞ്ചു നടന്നിരുന്നത് സ്കൂളിന്റെ മുമ്പിലെത്തിയതും  അറിയാതെ കണ്ണ് ആനയിലേക്ക് പോയി ആന ചിഞ്ചുനെ തന്നെ നോക്കുകയാണ് "ചിഞ്ചു നാളെ  മുതല്‍ സ്കൂളില്‍ വരികയാണെല്ലേ..." തലയാട്ടി കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ  ചിഞ്ചു മറുപടി കൊടുത്തു .വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മഴ നിന്നിരുന്നില്ല മഞ്ഞകുടയും യുണിഫോര്മും ബാഗും ഒപ്പം അമ്മയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോകുകയാണ് ചിഞ്ചു ,സ്കൂള്‍ ഗൈറ്റില്‍ എത്തിയതും അമ്മയോട് ചിണുങ്ങി കൊണ്ട് ചിഞ്ചു ചോദിച്ചു "അമ്മാ ഞാന്‍  ആ ആനയെ തൊട്ടോട്ടെ ..",ആദ്യ ദിവസമല്ലേ അമ്മ കരയണ്ട എന്ന് വിചാരിച്ചാവണം ആനയുടെ അടുത്തേക്ക് അമ്മ ചിഞ്ചുനെ  കൊണ്ട് പോയി ,പേടിയോടെ ആണെങ്കിലും ആനയെ ചിഞ്ചു തൊട്ടു ,പറയാനറിയാത്ത സന്തോഷമായിരുന്നു ചിഞ്ചുവിനപ്പോള്‍.ഒന്നാം ക്ലാസ്സിലെ ഒന്നാമത്തെ ബെഞ്ചിന്‍മേല്‍ തന്നെ ചിഞ്ചു വിനു സ്ഥലം കിട്ടി .കുറെ കുട്ടികള്‍ പുറത്തു തോരാതെ പെയ്യുന്ന മഴ ,മഴയെക്കാള്‍ ഉറക്കത്തില്‍ കുട്ടികളുടെ കരച്ചിലും , പക്ഷെ ചിഞ്ചു ന് കരച്ചിലോന്നും വന്നില്ല "ചിഞ്ചു മോളെ ...അമ്മ പോട്ടെ ഉച്ചക്ക് വരാം "...ഇത് കേട്ടതും മറ്റു കുട്ടികളെക്കാള്‍ ഉച്ചത്തില്‍ ചിഞ്ചു കരയാന്‍ തുടങ്ങി .അത് കേട്ട് അമ്മ ചിഞ്ചുനെ വാരി പുണര്‍ന്നു അമ്മയുടെ ചൂട് തട്ടിയതാകണം ചിഞ്ചു ന്റെ സങ്കടം കുറച്ചൊന്നു മാറി .ഉച്ചവരെ എങ്ങിനെയോ ചിഞ്ചു പിടിച്ചിരുന്നു ,ഓരോ മിനിറ്റു കഴിയുമ്പോഴും അമ്മ പോയോ എന്ന് ഉറപ്പു വരുത്താനും ചിഞ്ചു മറന്നില്ല .ബെല്ല് ഉറക്കെ കേട്ടതും ബാഗു മെടുത്തു ഒറ്റ ഓട്ടം അമ്മയുടെ അടുത്തേക്ക് ,അടുത്തെത്തിയതും കവിളത്ത് ഒരുമ്മ,...".അമ്മാ ...ആ മാങ്ങ ഞാനെടുക്കട്ടെ" മഴ വെള്ളത്തില്‍ വീണു കിടക്കുന്ന മാങ്ങ ചൂണ്ടി കാണിച്ച് ചിഞ്ചു പറഞ്ഞു ,മാങ്ങ പൈപ്പ്പിന്‍ ചുവട്ടില്‍ കഴുകുമ്പോള്‍ ചിഞ്ചു വെറുതെ ഒളികണ്ണിട്ടു നോക്കി ആനയെ, കുസൃതിചിരി ...ചിഞ്ചു വിനു എന്തെന്നില്ലാത്ത സന്തോഷം ...ഒപ്പം ടീച്ചര്‍ പഠിപ്പിച്ചു തന്ന പാട്ടും ,പാടി മാങ്ങയും കഴിച്ചു ,അമ്മയുടെ കൈവിരലും താങ്ങി വീട്ടിലേക്കു .....വര്‍ഷങ്ങള്‍ കഴിഞ്ഞു  ഒന്നാം ക്ലാസ്സിനടുത്തുള്ള മാവ് കാലപ്പഴക്കത്താല്‍ കട പുഴകിവീണു അല്ല വെട്ടി മാറ്റി ,ജീവിതത്തിന്റെ  നിസ്സഹായതയും ആകുലതുകളും മാറി മറഞ്ഞു അതിനിടയില്‍ എന്തൊക്കെയോ ചിഞ്ചുവിനു നഷ്ടപെട്ടു .നഷ്ടപ്പെടലുകളെ അതി ജീവിക്കലാണല്ലോ ജീവിത യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ചിന്ച്ചുവിനെ വീണ്ടും പെരിങ്ങോടെത്തിച്ചു ,സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോള്‍ ആനയെ ഇപ്പൊഴും നോക്കും ചിഞ്ചു ,പക്ഷെ ആനയുടെ കണ്ണുകള്‍ക്ക്‌ പണ്ടത്തെ അത്ര തിളക്കമില്ല ,അതോ ചിഞ്ചു വിന്റെ കണ്ണുകള്‍ക്ക്‌ തിളക്ക മില്ലാത്തതോ .എല്ലാവരുടെയും ജീവിതം കണ്ടു കൊണ്ടിരിക്കുകയല്ലേ അവരോടൊപ്പം നീറുന്നതു കൊണ്ടായിരിക്കാം ...മുമ്പത്തേക്കാള്‍ ആന കറുത്തത് ..എത്രയാളുകള്‍ കണ്മുന്നിലൂടെ കടന്നുപോയി ...ചിരിച്ചും കരഞ്ഞും ........ചിരിയിലൂടെ മാത്രം ആശ്വസിപ്പിച്ചത്‌ കൊണ്ടായിരിക്കണം ഇപ്പോഴും ആന നിശ്ചലനായി നില്‍ക്കുന്നത് .ഇപ്പോഴും ചിഞ്ചു ജീവിക്കുന്നു "ആ ആനക്ക് ജീവനുണ്ടായിരുന്നെങ്കില്‍" .........ആന ചിന്തിക്കുന്നുണ്ടാവണം "എന്തിനെന്നെ നിശ്ചലനാക്കി ...ഒന്നും പറയാന്‍ കഴിയാതെ ...ഒന്നും ചെയ്യാനാകാതെ ......കണ്ണുകള്‍ നീറി നീറി, ഇരുട്ട് നിറഞ്ഞ്  ഒന്നും കാണാനാകാതെ ...ശബ്ദം മാത്രം കേട്ടുകൊണ്ട് ..എന്തിനീ ജീവിതം ...........

Thursday, June 02, 2011

വെറുപ്പിനുത്രക്കാഴമോ...

നിന്റെ മൊഴികള്‍ 
മഴുവായ് പതിക്കുമ്പോള്‍ 
കീറി മുറിയുന്നതെന്‍ 
 ശരീരമല്ല ഹൃദയമാണ് 
ആ മുറിവിനു ആഴമില്ലെങ്കിലും 
എനിക്കാഴം കൂടുതലാണ് 
നിന്റെ നിസംഗതയില്‍ 
അന്യനെ പോലെ ഞാന്‍  
തുഴയുകയാണ്  
വെറുപ്പിന്റെ കാരണം തേടി.... 
നിന്നടുത്തു  എത്തുമ്പോഴെല്ലാം  
പിന്നെയും പിന്നെയും......... 
"വെറുപ്പിനുത്രക്കാഴമോ"


Tuesday, May 17, 2011

ആ യാത്ര

ഇന്നേക്ക് ഒരുവര്‍ഷം ......പ്രവാസമെന്ന ചുഴിയിലേക്ക് വീണിട്ട് ,ആ ചുഴിയിലെ ചൂടില്‍ ഉരുകുമ്പോള്‍ ഏതോ ഒരു നിമിഷത്തിലാണ്ഇതിനെകുറിച്ച്ഓര്‍ത്തത്‌.കളിച്ചു വളര്‍ന്ന വീടും നാടും വിട്ടു ഒരു വര്‍ഷം..അവിചാരിതമാണല്ലോ നമുക്ക് ജീവിതം അതായിരിക്കാം എന്നെ പ്രവാസം എന്ന അനിവാര്യതയിലേക്ക് എത്തിച്ചത് .സംഭാവിച്ചെതെല്ലാം  അവിചാരിതം തന്നെ ആയിരുന്നു ,"ഓര്‍ക്കാപ്പുറത്തൊരു യാത്ര".കുറച്ചു ബന്ധുക്കളും കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ഇപ്പോഴും ഓര്‍ക്കുന്നു .....കുളി കഴിഞ്ഞു പുതിയ ഡ്രസ്സ്‌ ധരിച്ച് ആദ്യ യാത്രക്ക് ...ഒരുങ്ങുന്നു ....രാത്രി വൈകിയത് കാരണം സുഹൃത്തുക്കളെല്ലാം  യാത്ര മംഗളങ്ങള്‍ തന്ന് പോകുന്നു ,സുഹൃത്തുക്കളെല്ലാം പിരിഞ്ഞപ്പോള്‍ മനസ്സൊന്നു വിങ്ങി ..കുട്ടികളെ ജീവനായിരുന്ന എനിക്ക് ഉറങ്ങി കിടക്കുന്ന അവര്‍ക്ക് ചുംബനം കൊടുക്കുമ്പോള്‍ വീണ്ടും മനസ്സൊന്നു വിങ്ങി ,പക്ഷെ ഞാന്‍ പിടിച്ചു നിന്നു .എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും മനസ്സ് വിങ്ങി ..പിതാവിന്റെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിക്കുമ്പോള്‍ ആ വിങ്ങല്‍ കണ്ണീരായ് പുറത്തേക്ക്, ആ കണ്ണുനീര്‍ ഒരു പക്ഷെ മാപ്പ് ചോദിക്കലാകാം .മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ മാതാവിന്‍ പകരമായ് കണ്ട സഹോദരിയുടെ കൈ പിടിച്ചതും ആ വിങ്ങല്‍ ഒരു നിലവിളിയായ് പുറത്തേക്ക് ..ആ നിമിഷം ഞാന്‍ ചിന്തിച്ചു എന്നെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന എന്റെ മാതാവിനെ ആകാശത്തിലെവിടെയെങ്കിലും ഇരുന്നു കാണുന്നുണ്ടാകും എന്റെ ആദ്യയാത്ര...അത് സത്യമാകാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ....ഇറങ്ങുമ്പോള്‍ പെയ്തിരുന്ന ആ മഴ എന്റെ മാതാവിന്‍ കണ്ണുനീര്‍ ആയിരുന്നു ആന്ന് വീശിയിരുന്ന കാറ്റ് എനിക്കുള്ള ആശ്വാസ വാക്കായിരുന്നു ...ആ മഴയില്‍ എന്റെ കണ്ണുനീര്‍ ഒന്നുമല്ലായിരുന്നു ...ജീവിതത്തിലെ തകര്‍ന്ന നിമിഷങ്ങളിലെല്ലാം ഒരു കൈ താങ്ങായി നിന്ന സഹോദരനൊപ്പം ഞാനും കാറില്‍ കയറി ....ആ യാത്ര എന്തായി തീരുമെന്ന് അന്നെനിക്കറിയില്ലായിരുന്നു പക്ഷെ സഹോദരന്റെ സ്നേഹത്താല്‍ ഉറപ്പിച്ച ആ കൈകള്‍ .....സഹോദരിയുടെ സ്നേഹ വാത്സല്യം .....ദൂരെ എവിടെയോ ഇരുന്നു എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മാതാവ് ...ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്ത പിതാവ് ഇതെല്ലാം ആയിരിക്കാം പിടിച്ചു നിര്‍ത്തിയതും ,പിടിച്ചു നിര്‍ത്തുന്നതും.പ്രവാസത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ,എന്താണ് നേടിയത് ........അനുഭവങ്ങള്‍ ജീവിതത്തിന്റെ സത്യം എന്താണ് എന്നറിഞ്ഞ അനുഭവങ്ങള്‍ സ്വൊയം ചിന്തിക്കാന്‍ ഉദകുന്ന അനുഭവങ്ങള്‍ ....ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങള്‍ അതില്‍ കുറച്ചു സന്തോഷങ്ങളും സൌഹൃദവും .......മൂല്യം അതാണ്‌ പ്രവാസിയെ പ്രവാസത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ....അത് മനുഷ്യന്റെ മൂല്യമോ ....മനുഷ്യമനസിന്റെ മൂല്യമോ അല്ല  കേവലം "പണത്തിന്‍റെ മൂല്യം" മാത്രമാണത്.....അതാണ്‌ സത്യം പണത്തിന്‍റെ മൂല്യം എത്ര കൂടുന്നോ അതിനേക്കാള്‍ ഇരട്ടി മനുഷ്യന്റെ മൂല്യം കുറയുന്നു .....

Wednesday, May 11, 2011

ആഗ്രഹങ്ങള്‍

പ്രിയതമാ ....നമുക്കാ വനങ്ങളിലേക്ക് പോയാലോ .... 
എന്നിട്ട്............. 
ആ വനങ്ങളില്‍ മുള്‍ചെടികളുണ്ട്‌  
ആ മുള്‍ച്ചെടികള്‍ വേദനിപ്പിക്കുന്നത്   
എനിക്കിഷ്ടമാണ് ..... 
പ്രിയതമാ ...നമുക്കാ മരുഭൂമിയിലേക്ക് പോകാം  
എന്നിട്ട് ....... 
ആ മരുഭൂമിയിലെ മരുപ്പച്ച എനിക്കിഷ്ടമാണ് ... 
പ്രിയതമാ ..നമുക്കാ തീയിലേക്ക് ചാടാം  
എന്നിട്ട്..... 
 ആ ചൂടിന്റെ കാഠിന്യം എനിക്കിഷ്ടമാണ് ... 
പ്രിയതമാ...നമുക്കാ അറ്റമില്ലാത്ത ഗര്‍ത്തത്തിലേക്ക്  
എടുത്തു ചാടാം ..... 
എന്നിട്ട് ........ 
 അതില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന നിലവിളി എനിക്കൊരുപാട് ഇഷ്ടമാണ്  
 എങ്കില്‍ കൈകോര്‍ത്തു പിടിക്കൂ ......... 
  കൈകളെങ്കിലും  വേര്‍പെടാതിരിക്കട്ടെ ...  
  

Thursday, April 28, 2011

ചുവന്നമണ്ണ്

ഈ ചുവന്ന മണ്ണിനോട് ചോദിച്ചാലറിയാം ഞാനാരാണെന്ന് ...
പ്രതീക്ഷകള്‍ മാറോടണച്ചു കൊണ്ട് നടന്നു നീങ്ങിയ ചുവന്ന മണ്ണ്
ജീവിതത്തിലെ നഷ്ടപെടലുകള്‍ എന്നെ തളര്‍ത്തുമ്പോഴെല്ലാം
എല്ലാം ശരിയാകുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ച ചുവന്ന മണ്ണ്
ഞാനും അര്‍ജുവും രണ്ഞുവും കുട്ടാപ്പിയും പ്രജിയുമെല്ലാം
തോളോട് തോള്‍ ചേര്‍ന്ന് നടന്നു നീങ്ങിയ ചുവന്ന മണ്ണ്
സ്കൂളിന്റെ ചുമരുകളോട് ഇപ്പോഴും ചോദിച്ചാല്‍ അറിയാം
മനസ്സിലെ സങ്കടങ്ങള്‍ അകറ്റാന്‍ ഉറക്കെ പാടിയവരികള്‍ ....
ഈ ചുവന്ന മണ്ണിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു .....
ഒരു പക്ഷെ എന്റെ ജീവനേക്കാള്‍
.... 

Wednesday, April 27, 2011

ഞാനെങ്ങിനെയാണ്"......

അവള്‍ ചോദിച്ചു 
"ഞാനെങ്ങിനെയാണ്"...... 
നീ നിശയുടെ നിശബ്ദതയില്‍  
ഊറി ചിരിക്കുന്ന  
നിലാവാണ്‌  
എന്റെ മുഖം ...... 
അലമുറയിടുന്ന  
കടലിലെവിടെയോ  
കാണുന്ന സായംസന്ധ്യയെ 
പോലെയാണ്..... 
എന്റെ പുഞ്ചിരി 
അവള്‍ വീണ്ടും ചോദിച്ചു 
തിങ്ങി നിറഞ്ഞ വനങ്ങള്‍ക്കിടയിലൂടെ 
മഴയിലെ സംഗീതത്തില്‍  
നൃത്തം വെക്കുന്ന   
നീര്‍ ചോലകളുടെ  
ശബ്ദ മാധുര്യം  
പോലെയാണ് .. 

Tuesday, April 26, 2011

എനിക്കിഷ്ടം

നിന്റെ ചുവന്ന ഇതളിനേക്കാള്‍  
എനിക്കിഷ്ടം കീറിമുറിക്കുന്ന 
നിന്റെ മുള്ളുകളാണ്.... 
നിന്റെ സ്വോപ്നങ്ങള്‍ കിനിയുന്ന  
സുഗന്ധത്തേക്കാള്‍  എനിക്കിഷ്ടം 
 മഴയത്ത് അടര്‍ന്നു പോയ 
നിന്റെ ഇതളുകളാണ്......  
 നീ സുര്യതാപത്താല്‍
‍ തകര്‍ന്ന്................ 
 വേരുകളാല്‍  താഴേക്കു  
പതിക്കുമ്പോള്‍ ...... 
എന്റെ കൈകളുണ്ടാകും 
നിന്നെ തലോടുവാന്‍  
ആ കൈകള്‍ മാത്രമേ  
നിനക്കായ് എനിക്ക്  
തരാനുള്ളൂ....... 

Monday, April 25, 2011

ഇഷ്ടമില്ലെന്നു പറയില്ലോരിക്കലും.....

നിനക്ക് മുല്ലപ്പു...നിറമുണ്ടോ ... അതോ ഇരുട്ടിന്‍ കറുപ്പോ  
അറിയില്ലെനിക്ക്‌ ........
നിന്റെ കണ്ണുകളില്‍ പ്രകാശമുണ്ടോ..അതോ അണയാന്‍ പോകുന്ന 
മെഴുകുതിരി തന്‍ പ്രകാശമോ 
അറിയില്ലെനിക്ക്‌ ...............
നിന്റെ മൊഴികള്‍ക്കു പ്രണയത്തിന്‍ മധുരമുണ്ടോ 
അതോ നിര്‍ വികാരത്തിന്‍ കുമിളകളോ
അറിയില്ലെനിക്ക്‌ ..............
എങ്കിലും 
എന്‍ മിഴിയടച്ചാല്‍ 
നിന്‍ മൊഴികളും 
നിന്‍ രൂപവും മാത്രം 
അറിയില്ലെനിക്ക്‌ .............
അറിയാതെ എന്‍ ഹൃദയം മന്ത്രിച്ചിടുന്നു ......
"ഇഷ്ടമില്ലെന്നു പറയില്ലോരിക്കലും"
 ഇഷ്ടമല്ലെന്ന് പറയതോരിക്കലും "

Monday, April 18, 2011

വേര്‍പാടിന്റെ മഴ ...

"ഞങ്ങള്‍ ഇന്ന് രാത്രി പോവുകയാ .....ആദിലും അജ്മലും പ്രവാസത്തിലെ എന്റെ ചെറിയ കൂട്ടുകാര്‍ .മുമ്പേ അറിഞ്ഞിരുന്നു പോവുകയാണെന്ന് അവരത് പറഞ്ഞപ്പോ എന്തോ ...ഒരു .അവരുടെ ഒപ്പം കളിക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാനെന്റെ ബാല്യകാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു ,അവര്‍ മിടായിക്ക് വേണ്ടി പിണങ്ങുമ്പോഴും കുറുമ്പ് കാട്ടുമ്പോഴും എന്റെ വീട്ടിലെ കുട്ടികളെ പോലെ യാണ് എനിക്ക് തോന്നിയിരുന്നത്,പ്രവാസത്തിന്റെ വേര്‍പാടിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയിരുന്നത് അവരുടെ ചിരിയിലൂടെ ആയിരുന്നു.എന്തിനോ വേണ്ടി വിദൂരത്തിലേക്ക് നീന്തുമ്പോഴും എന്തിന്റെയോ പ്രേരണയാല്‍ പിന്നിലേക്ക്‌ വീണ്ടും തിരിച്ചു നീന്തുന്നു,ഒരു പക്ഷെ തളര്‍ന്നതായിരിക്കാം അല്ലെങ്കില്‍ ഒരു തിരിച്ചു പോക്ക് അനിവാര്യമായി തീര്‍ന്നതാകാം...ഒരിക്കല്‍ ഞാനും തിരിച്ചു നീന്തേണ്ടിവരും,ചിറകറ്റ പറവകളെ പോലെ. ഇനി തിരിച്ചു വരില്ല എന്നുള്ള സത്യം ആ കുട്ടികള്‍ക്ക് അറിയില്ല എന്നതുപോലെ തന്നെ,എനിക്കും അറിയില്ല ഞാനെന്നു തിരിച്ചു നീന്തെണ്ടി വരും എന്ന്. വേര്‍പാടിന്റെ മഴ മനസ്സില്‍  ഉണ്ടെങ്കിലും, സ്വൊന്തം മണ്ണിലേക്ക് തന്നെയാണ് ആ കുട്ടികള്‍ പോയത് ,അവര്‍ വളരട്ടെ കേരള സംസ്കാരത്തില്‍ .......അവര്‍ മണ്ണിന്റെ മണമറിയട്ടെ......

Friday, April 15, 2011

വിഷുകൈനീട്ടം

കുറച്ചു നേരം കൂടെ കിടന്നാലോ അല്ലെങ്കി വേണ്ട വിഷു ദിവസമായിട്ട് ഇന്നെങ്കിലും നേരെത്തെ എണീക്കാം,കണി കാണേണ്ടേ ...കണ്ണ് തുറക്കാതെ അജി ചിന്തിച്ചു .ഏതോ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടപ്പോഴാണ് താന്‍ പ്രവാസി ആണെന്ന ബോധം വന്നത് "പ്രവാസിക്ക് എന്ത് വിഷു എന്ത് കണി ".വീട്ടിലേക്കു അയച്ചു കൊടുത്തു വിഷു കൈ നീട്ടം, അവര്‍ സന്തോഷമായ് വിഷു ആഘോഷിക്കട്ടെ ഇതൊക്കെ ചിന്തിക്കുമ്പോഴും അജി കണ്ണ് തുറന്നിരുന്നില്ല,എന്താ ഇപ്പൊ കണി കാണുക കണികാണാന്‍ മാത്രം എന്താണ് പ്രവാസ ലോകത്ത് ഉള്ളത് കുറെ സങ്കടങ്ങളുടെ കൂമ്പാരങ്ങള്‍ അതില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന കുറെ മലയാളികളും. ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മലയാളിക്ക് കണി എന്ന വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ ,ഇങ്ങിനെയൊക്കെ ചിന്തിക്കുന്നതിനിടയില്‍ ആണ് സുര്യയെ കുറിച്ച് ഓര്‍ത്തത്‌ മുടി നീളത്തില്‍ ഇട്ട്,രണ്ടുകണ്ണുകളിലുംകണ്‍മഷി എഴുതി ഒരു മലയാളി പെണ്‍കൊടി ,ആദ്യമായാണ്  പ്രവാസ  ജീവിതത്തിനിടയില്‍ ഇങ്ങിനെയൊരു പെണ്‍കുട്ടിയെ കാണുന്നത് ,ശരിക്കും പറഞ്ഞാല്‍ സുര്യയെ കണ്ടാണ്‌ എന്നും ജോലിക്ക് പോയിരുന്നത് സുര്യയെ തന്നെ അല്ലെ എന്നും കണി കണ്ടിരുന്നത്‌ ഒരു പക്ഷെ കണിയില്‍ സത്യം ഉണ്ടായിരിക്കും ,ഏതോ ഒരു പ്രേരണയാല്‍ അജി പെട്ടെന്ന് എണീറ്റു വാതില്‍ തുറക്കാന്‍ നോക്കുന്ന സമയത്താണ് വാതിലില്‍ ആരോ തട്ടിയത് ,തുറന്നു നോക്കുമ്പോള്‍ 'ചിന്നൂട്ടി..."ആരിത് ചിന്നൂട്ടിയോ ഹാപ്പി വിഷു " സെയിം റ്റു യു അങ്കിള്‍ ..ദാ അങ്കിള്‍ വിഷു കൈനീട്ടം സുര്യാന്റി തന്നതാ .....തുറന്നു നോക്കി ഒരു "പനനീര്‍ പൂവ് '.....എന്നത്തേയും പോലെ അജി ജോലിക്ക് പോകുമ്പോള്‍ കണ്ടു സുര്യയെ പട്ടുപാവാട ഇട്ട്,കണ്‍മഷിയും കുപ്പിവളകളും...എന്നത്തേയുംപോലെചെറു പുഞ്ചിരിയും,പക്ഷെ ആ പുഞ്ചിരിക്ക്  കൊന്ന പൂവിനേക്കാള്‍ സൌന്ദര്യം ഉണ്ടായിരുന്നു,ആ വിഷു കൈനീട്ടത്തിനു മറ്റെന്തിനെക്കാളും സന്തോഷം കിട്ടുന്നതായിരുന്നു .....

Friday, April 08, 2011

നിലവിളി

മരണത്തിന്‍ വേദിയില്‍ 
നൃത്തം ചെയ്യുമ്പോള്‍ 
എന്‍ ചിലങ്ക തന്‍ ശബ്ദം 
അലയടിക്കുന്നു നിന്‍ 
കാതുകളിലെപ്പോഴും 
ആര്‍ത്തട്ടഹസിക്കുന്നു ..
എന്‍ അരങ്ങേറ്റമാണെന്നോര്‍ക്കുക നീ 
കത്തിക്കുക നീ വിളക്കിനോപ്പം
ചന്ദനതിരിയും............
പരക്കട്ടെ സുഗന്ദം 
കാണികള്‍ കുറവാണെങ്കിലും 
നിന്റെ നിലവിളിസംഗീതം 
കേട്ടവര്‍ കേട്ടവര്‍ ... 
നിലവിളിക്കുന്നു  
മരണ നൃത്തത്തിന്റെ  
സംഗീതമായ 
നിലവിളി   

                      

Monday, April 04, 2011

പിറന്നാള്‍ സമ്മാനം

നാളെ എന്നെ നേരത്തെ വിളിക്കണം ട്ടോ ...ഉറക്ക ചുവടില്‍ ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു, മെല്ലെ നിദ്രയിലെ ആഴങ്ങളിലേക്ക്  ഞാന്‍ പോകാന്‍ തുടങ്ങി,കണ്ണിലെ ഇരുട്ടു നിറങ്ങളായി മാറി, "ഇതെന്റെ വക....ജന്മദിനാശംസകള്‍ " ഹായ് ,,നല്ല ഷര്‍ട്ട്‌ ആണല്ലോ അച്ഛാ,ഇതിനെത്രേ "... പിന്നെ സമ്മാനങ്ങളുടെ പൂമഴ,ഒരുപാട് ആള്‍ക്കാര്‍ ഒരുപാട് സമ്മാനങ്ങള്‍ ‍  
സദ്യ,പായസം എല്ലാം കഴിഞ്ഞ്...എന്റെ ഒരു പാട്ടും "ഇനിയും ദീര്‍ഘായുസ്സ് ഉണ്ടാവട്ടെ ന്റെ കുട്ടിക്ക് "സ്നേഹം വിതുമ്പുന്ന വാക്കുകള്‍ .ആ രാത്രി മാത്രം ഞാന്‍ സുഖമായ് ഉറങ്ങി .
"എണീക്ക്".....മെല്ലെ ഞാന്‍ കണ്ണ് തുറന്നു ..ഞാന്‍ ആദ്യമായ് കണ്ട മുഖം, ഞാന്‍ ആദ്യമായ് പേര് വിളിച്ച മുഖം കണ്ണുനീരോടെ ആദ്യ പിറന്നാള്‍സമ്മാനം 'മാതൃചുംബനം'
 എനിക്ക് കിട്ടിയ ഏറ്റവും വിലകൂടിയ പിറന്നാള്‍ സമ്മാനം മറ്റെന്തിനെക്കാളും മൂല്യമുള്ള പിറന്നാള്‍ സമ്മാനം ഇനി ഒരിക്കലും കിട്ടാത്ത പിറന്നാള്‍ സമ്മാനം ......ഇന്നും ഞാന്‍ ഓര്‍ക്കുന്ന പിറന്നാള്‍ സമ്മാനം 
.

Friday, April 01, 2011

ഏതോ വസന്തത്തില്‍ ഞങ്ങള്‍ പോയി രാജുവിന്റെ വീട്ടിലേക്കു ,കളിയും ചിരിയുമായി,പുഴയിലെ കുളിയും സദ്യയും ...
അവസാനം ഞങ്ങള്‍ പോരുമ്പോള്‍ രാജുവിന്റെ ഉണ്ണി ഞങ്ങള്‍ക്കെല്ലാം തന്ന ആ സ്നേഹ സമ്മാനം ....
കവിളില്‍ മുത്തവും കൊടുത്തു ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ....എന്തോ എല്ലാവരുടെയും മനസ്സില്‍
പറയാനറിയാത്ത ഒരു നൊമ്പരം ......ഇന്ന് എല്ലാവരും വേര്‍പിരിഞ്ഞു പല വഴിയില്‍
രാജുവിന്റെ ഉണ്ണി ഇന്ന് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് അറിഞ്ഞപ്പോള്‍......
നഷ്ടപെടലുകളുടെ ആഴം ഞങള്‍ തിരിച്ചറിയുന്നു ..ഇനി ഒരിക്കലും ആ വസന്തം തിരിച്ചു കിട്ടില്ല എന്ന വേദനയോടെ

Saturday, March 05, 2011

ഉണ്ണികുട്ടന്‍

ഉണ്ണികുട്ടന്‍ പേടിച്ചാണ് ക്ലാസ്സ്സില്‍ കയറിയത് ടീച്ചര്‍ എന്ത് പറയും എന്നറിയില്ല "പരീക്ഷ പേപ്പര്‍ ഇന്നുകിട്ടും "പുസ്തക സഞ്ചി താഴെ വെക്കുന്നതിനിടയില്‍ ഉണ്ണികുട്ടന്‍ ഓര്‍ത്തു ."ടീച്ചര്‍ കാപ്പി കളര്‍ സാരി ആണെങ്കില്‍  എല്ലാവര്ക്കും അടി ഉറപ്പാ"നിസാര്‍ പറയുന്നത് കേട്ടിട്ടാവണം ഉണ്ണികുട്ടന്‍ എന്തോ ആലോചിച്ചു കൊണ്ട് കണ്ണുകള്‍ അടച്ചു. പഠിക്കാന്‍ മിടുക്കനല്ലെങ്കിലും ഉണ്ണികുട്ടന്‍ മറ്റുള്ളവരെ പോലെ ആയിരുന്നില്ല ക്ലാസ്സില്‍ വന്നാല്‍ എങ്ങോട്ടും പോകില്ല മിണ്ടാതെ ക്ലാസ്സില്‍ ഇരിക്കും അത് കൊണ്ട് തന്നെ "പാവം ഉണ്ണികുട്ടെനെന്നാണ് എല്ലാവരും പറയുന്നത് അങ്ങിനെ പറയുന്നത് കേട്ടിട്ടായിരിക്കാം പാവമായി തന്നെ വളര്‍ന്നത് ."ഗുഡ് മോര്‍ണിംഗ് ടീച്ചര്‍"ഒരുമിച്ചുള്ള ശബ്ദം പിന്നെ നിശബ്ദത ഉണ്ണികുട്ടന്റെ സമയമെത്തി,"നിനക്കെന്താ പഠിച്ചാ ....എന്താ വീട്ടില്‍ പണി "ടീച്ചര്‍ ചെവി പിടിച്ചു തിരുമ്പി ഉണ്ണി കുട്ടന്റെ ചെവി വേദനിക്കാന്‍ തുടങ്ങി ഒപ്പം മനസ്സും സങ്കടം കൊണ്ടായിരിക്കണം കണ്ണീര്‍ വന്നപ്പോഴാണ് ടീച്ചര്‍ കൈ വിട്ടത് ആരോ പറയുനുണ്ടായിരുന്നു "പാവം ഉണ്ണികുട്ടന്‍".നാലുമണി വിട്ടു വീട്ടിലേക്കു വന്നു കയറുമ്പോള്‍ തന്റെ ചെടികളിലേക്ക് ഒന്ന് നോക്കി ഉണ്ണികുട്ടന്‍ ഞെട്ടി തന്റെ ചെടികളെല്ലാം വെട്ടിയിട്ടിരിക്കുന്നു  "അവന്റെയൊരു  ചെടി "അച്ഛന്റെ ഘനഗംഭീരമായ ശബ്ദം ഉണ്ണികുട്ടന് വീണ്ടും സങ്കടമായി അപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു "പാവം ഉണ്ണികുട്ടന്‍" .എട്ടാം ക്ലാസ്സില്‍ തോറ്റപ്പോഴും തന്റെ ആഗ്രഹങ്ങള്‍ പുച്ചിച്ച് തള്ളിയപ്പോഴും അമ്മ മരിച്ചപ്പോഴും വിശന്നു വലഞ്ഞു കേടുവന്ന ചോറ്കഴിക്കുമ്പോഴും ആരോ പറഞ്ഞു "പാവം ഉണ്ണികുട്ടന്‍".ഉണ്ണികുട്ടന്‍ വളര്‍ന്നു പാവമായ് തന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയില്‍ ഉലഞ്ഞ് പലപ്പോഴും കാല്‍വഴുതി വീണു അവസാനം ജയിലിലെ ശാന്തതക്കിടയില്‍ ജീവിതംതള്ളിനീക്കുമ്പോള്‍ എപ്പോഴോ മിന്നിമറയുന്ന  ഓര്‍മ്മകള്‍ വീണ്ടും ഉണ്ണികുട്ടനെ സങ്കടപെടുത്തി-ഒരിറ്റു കണ്ണുനീരോടെ. കയ്യില്‍ പാപക്കറ ഉണ്ടെങ്കിലും പുച്ചമായ വാക്കുകള്‍ ഇനി കേള്‍ക്കില്ല എന്നാശ്യാസത്തോടെ അപ്പോഴും ആരോ  പറയുന്നുണ്ടായിരുന്നു "പാവം ഉണ്ണികുട്ടന്‍ ".   

Saturday, January 29, 2011

മുസ്തഫയും മുംതാസും...

"ഉപ്പ ഇനി പഠിക്കാന്‍ സമ്മതിക്കുമോ എന്നറിയില്ല "സുറുമയെഴുതിയ ആ കണ്ണുകളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് മുംതാസ് അത് പറഞ്ഞത് ."കുറച്ചു പഠിച്ചാ...പോരെ ....അപ്പൊ വീണ്ടും ഇങ്ങോട്ട് വരാല്ലോ"ചിരിച്ചു കൊണ്ടാണ് മുസ്തഫ അത് പറഞ്ഞത് ."അറിയില്ല ......മുംതാസിനോട് സംസാരിക്കാന്‍ എന്തോ ഒരു പ്രത്യേക രസമാണ് ,നിഷ്കളങ്കമായ വാക്കുകള്‍ ."എന്തിനാ കാണണം എന്ന് പറഞ്ഞത് ".മുസ്തഫ മറുപടി ഒന്നും പറഞ്ഞില്ല ,അങ്ങിനെയാണ് മുംതാസിന്റെ മുന്നില്‍ വാക്കുകളൊന്നും പുറത്തേക്കു വരില്ല ,"പിന്നെ പറയാം ".വീട്ടിലേക്കു നടക്കുമ്പോഴും മുസ്തഫയുടെ മനസ്സില്‍ അവളായിരുന്നു.എന്നത്തേയും പോലെ വീട്ടിലേക്കു കേറുമ്പോള്‍ "മുംതാസേ"....എന്ന് വിളിച്ചുകൊണ്ടാണ് ഉമ്മറത്തേക്ക് കയറിയത് "നീ ഭക്ഷണം എടുത്തു വെക്ക്"...ഹ്മ്മം ....ഇപ്പൊ എടുത്തു വെക്കാം "മുംതാസിന്റെ മറുപടികേട്ടു.മുസ്തഫയ്ക്ക് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴു മാത്രമല്ല ഏതു സമയവും മുംതാസിനോട്സംസാരിച്ചിരിക്കണം.അവളെ കണ്ടതുമുതല്‍ അങ്ങിനെയാണ് ഏകാന്തതയിലെ ഒരാശ്വാസം പോലെ .അവളെ കണ്ടത് മുതല്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല അവന്.ആരുമില്ലാത്ത അവന് എല്ലാമായിരുന്നു അവള്‍ ."ഉറക്കം വന്നിട്ട് വയ്യ മുംതാസേ ..ഇനി നാളെ പഠിക്കാം ".കോളേജില്‍ എത്തിയപ്പഴേക്കും സമയം വൈകിയിരുന്നു എങ്കിലും ക്ലാസ്സിലെത്തിയപ്പോള്‍ ഒളികണ്ണിട്ടു നോക്കി വന്നിട്ടുണ്ടോ എന്ന്.ചുവപ്പ് ചുരിദാര്‍ തനിക്കിഷ്ട്ടമുള്ള ചുരിദാര്‍ ആണല്ലോ ,ഈ ദിവസമെന്തേ ഈ ചുരിദാര്‍ ഇടാന്‍ ,മനസ്സിനെന്തോ ഒരു ....അറിയില്ല തന്നെ സ്നേഹിക്കാനും ആരോ ഉള്ളത് പോലെ "ദാ.........മിട്ടായി "മുസ്തഫയ്ക്ക് അപ്പോഴാണ് ക്ലാസ്സിലാണ് എന്ന ബോധം ഉണ്ടായത് "എന്റെ നിശ്ചയമായിരുന്നു ഇന്നലെ "ഒരു മിന്നല്‍ പിന്നെ മഴയായിരുന്നു ഓരോ മഴത്തുള്ളികളും എന്തക്കയോ പറഞ്ഞു കൊണ്ടിരുന്നു .മുസ്തഫ വീട്ടിലേക്കു കയറുമ്പോഴും മഴനിന്നിരുന്നില്ല വിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഭക്ഷണം എടുത്തുവെക്കാന്‍ ആരുമുണ്ടായിരുന്നില്ല ,ഇരുട്ടായിരുന്നു അവിടെയെല്ലാം ആ ഇരുട്ടിനു മുമ്പത്തേക്കാള്‍ ആഴം കൂടുതല്‍ ഉണ്ടായിരുന്നു .

Monday, January 24, 2011

കാലമെന്ന ചക്രം

ആരോ ഒരാള്‍ തിരിക്കുന്നു 
കാലമെന്ന ചക്രം തിരിക്കുന്നു 
വിശപ്പിന്റെ തീനാളങ്ങളാല്‍ 
കുഞ്ഞു പൈതങ്ങള്‍ കരയുമ്പോഴും  
കുഞ്ഞു പെങ്ങമ്മാരുടെ മാനം  
തെരുവില്‍ ഒഴുകുമ്പോഴും  
ചക്രം തിരിയുകയാണ്  
മതം അന്ധനായി മാറി  
തമ്മില്‍ വെട്ടിമുറിക്കുമ്പോഴും  
ദാരിദ്ര്യം അലസതയിലെക്കും  
അലസത ആത്മഹത്യയിലേക്കും   
വഴിമാറുമ്പോഴും ........
കാലചക്രം തിരിയുകയാണ് 
ആരോ ഒരാള്‍ തിരിക്കുകയാണ് 
നിശബ്ദനായ് ........
നിസംഗതനായ്........

  

Saturday, January 15, 2011

നിശബ്ദതയിലെ ശബ്ദം...

നിശബ്ദമായ വഴിയിലൂടെ അയാള്‍ നടന്നു .പ്രകൃതി നിശബ്ദമാണെങ്കിലും അയാളുടെ മനസ്സ് നിശബ്ദമായിരുന്നില്ല .കടലിലെ തിരമാലപോലെ അലയടിക്കുകയാണ്‌ അയാളുടെ മനസ്സ് ."ഞാന്‍ ഏകാനാണോ, ഞാന്‍ ഒറ്റപ്പെട്ടുവോ ഞാന്‍ മാത്രമെന്തേ ഇങ്ങിനെ, ഇത്ര വേദനിക്കുന്നത് ഞാന്‍ മാത്രമാണോ"അയാളുടെ മനസ്സില്‍ ചോദ്യങ്ങളുടെ മഴ പെയ്യുകയായിരുന്നു.പുറത്ത് നിശബ്ദതയുള്ളതു കൊണ്ടായിരിക്കാം അയാളുടെ മനസ്സിലെ അലയടി ആരും അറിഞ്ഞില്ല."അതിഭീകരമായ അനാഥത്തിലേക്ക് താന്‍ വീണപ്പോഴും ,മനസ്സ് മുരടിപ്പിക്കുന്ന ഏകാന്തതയെക്കാളും ആഴം കൂടുതലാണ് ഈ വേദനക്ക്.തന്റെ വിടരാന്‍ ഇഷ്ടപെടാത്ത ദിവസങ്ങളിലേക്ക് എന്തിനാണ് അവള്‍ വന്നത് ഓരോ ദിവസവും വിടരാന്‍ കൊതിക്കുന്നതിനു വേണ്ടിയോ അതോ വിടരുംപോഴെല്ലാം സുഗന്ദം പടര്‍ത്തുവാനോ.തന്റെ സങ്കുചിതമായ മനസ്സിലേക്ക് എന്തിനാണ് അവള്‍ വന്നത് സങ്കുചിതമായ മനസ്സ് വിശാലമാക്കാനോ.സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും എന്തിനാണ് അവള്‍ തന്നെ പഠിപ്പിച്ചത് വേദനയുടെ ആഴം കൂട്ടുവാനോ ഇങ്ങിനെ ഒരായിരം ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ പെയ്യുകയാണ് .എപ്പോഴോ മഴ തോര്‍ന്നസമയത്ത് അയാള്‍ പരിസരം ശ്രദ്ധിച്ചു ചിന്തകള്‍ പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റെയില്‍പാളങ്ങള്‍ അയാള്‍ വീണ്ടും മുമ്പോട്ടു നടന്നു ആ ചിന്തകളിലൂടെ പിന്നില്‍ നിന്ന് അയാള്‍ അപ്പോഴും കേട്ടുകൊണ്ടിരുന്നു അവളുടെ ചിരിയും വാക്കുകളും "ഒരു നിമിഷം വെറുത്തുപോയ്‌"പുറത്ത് നിശബ്ദതയുള്ളതു കൊണ്ടായിരിക്കാം ആ വാക്കുകള്‍ ആരും കേട്ടില്ല .     

Monday, January 03, 2011

എന്നെ കുറിച്ച് .........

       എന്റെ പേര് ഷാജി പാലക്കാട്‌ ജില്ലയിലെ മനോഹരമായ ഒരുഗ്രാമമുണ്ട്‌ "പെരിങ്ങോട്"..അവിടെയാണ് ജനിച്ചതും വളര്‍ന്നതും .താളങ്ങളുടെ ഗ്രാമമാണ്‌ പെരിങ്ങോട് അതുകൊണ്ട് തന്നെ എന്റെ ഗ്രാമത്തിനു ഒരുതാളമുണ്ട് സ്നേഹത്തിന്റെ താളം ,സൌഹൃദത്തിന്റെ താളം .ചെറുപ്പം മുതലേ സംഗീതവും വായനയും ഒരുപാടിഷ്ടമാണ് .സംഗീതത്തെ  ശാസ്ത്രീയമായി അറിയില്ലെങ്കിലും ഒരു ഗായകനാവാന്‍  
ആഗ്രഹിച്ചിരുന്നു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു പരിശ്രമിച്ചില്ല അതിനു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 
ജീവിത സാഹചര്യങ്ങള്‍ എപ്പോഴോ എന്നെ അന്തര്‍മുഖനാക്കിയിരുന്നു  അതായിരിക്കാം ഞാന്‍ എഴിതിയവരികളും അതിലെ സംഗീതവും  
ഡയറിക്കുള്ളില്‍ മാത്രം ഒതുങ്ങിയത് .മനസ്സിലെ അന്തര്‍മുഖതയില്‍നിന്നു പുറത്തു കടന്നപ്പോഴേക്കും ജീവിത യാഥാര്‍ത്ഥ്യം എന്ന ചുഴിക്കുള്ളില്‍പ്പെട്ടിരുന്നു എങ്കിലും മനസ്സിന്റെ ഏതോ ഒരു കൊണിലുണ്ട് സുഖം തരുന്ന ആ ആഗ്രഹങ്ങള്‍ .പ്രവാസമെന്ന ശിക്ഷയില്‍ മെഴുകുതിരി പോലെ എരിയുമ്പോള്‍ വീണ്ടും  വരികള്‍ കുറിച്ചിടാന്‍ ഒരു മോഹം അതാണെന്നെ മയില്‍പീലിയിലേക്ക്  എത്തിച്ചത് . 
എന്‍റെ ഓര്‍മകളാണ് മയില്‍പീലി ... ആ മയില്‍പീലിയില്‍ ഒരുപാട് നിറങ്ങളുണ്ട് സ്നേഹം വേദന നഷ്ടപെടലുകള്‍ പ്രണയം അങ്ങിനെ ഒരുപാടു ......