Sunday, October 21, 2018

തികച്ചും വ്യക്തമാണ്

തികച്ചും വ്യക്തമാണ്
ആശുപത്രി വരാന്തയുടെ 
ഇരുമ്പു കസേരകളിൽ 
ആധി പറഞ്ഞവരുടെ കൂട്ടത്തിൽ
രാഘവേട്ടനും 
ഉമ്മറുക്കയും 
ജോസച്ചായനും
 പറയാതെ പറഞ്ഞത്
ഒന്ന് തന്നെയായിരുന്നു
ദൈവമെന്നത് മനസ്സമാധാനമാണ്
ദൈവത്തിലേക്കുള്ള വഴി
പ്രാർത്ഥനയും.

മൂന്നു പേരോടും
പരസ്പരമറിയാതെ
മതം
ആചാരം
പുരോഗമനം
രാഷ്ട്രീയം
നിയമം
തുടങ്ങിയവയെ കുറിച്ചു ഒരു ചർച്ച 
കുഴിഞ്ഞ കണ്ണുകളിൽ 
ഞെരുക്കം കേൾക്കുന്ന ആഘാതം

വരാന്തയിലൊരു ആളനക്കം

കീറിയ കുപ്പായം
പൊടി പിടിച്ച തലമുടി
അവശനായ ചെറുപ്പക്കാരൻ
കൈകൾ ആരോ പിന്നിലേക്ക് 
വലിച്ചു കെട്ടിയിരിക്കുന്നു

"മധുവല്ലേ"
മൗനം
ചർച്ച ചെയ്യേണ്ട വിഷയങ്ങൾ 
വിവരിച്ചു
"വിശപ്പാണെനിക്ക്
 മതവും ദൈവവും
രാഷ്ട്രീയവും 
പുരോഗമനവും
ആചാരവും"

തികച്ചും വ്യക്തമാണ്
നാറിയ രാഷ്ട്രീയം 
ഞങ്ങളിൽ ഇടാതിരിക്കുക....

ചിത്രം : ചെന്നൈയിൽ ചൂളൈമേടിലെ
വഴിയരികിൽ കണ്ടത്.
















Tuesday, June 26, 2018

കടലോര്‍മ്മകള്‍


   ഇന്ന് ജൂണ്‍ 27
   അവന്‍ തന്‍റെ ഡയറിയില്‍ കുറിച്ചു 

    കടലെത്ര മനോഹരം 
    കടലോര്‍മ്മകളോ
    അതിമനോഹരവും 

   ഇരമ്പലിന്‍റെ ചിറകടികള്‍ 
   കണ്ണടച്ച് കേള്‍ക്കുന്ന നേരമായിരിക്കണം 
   നനഞ്ഞു കുതിര്‍ന്ന കമ്പ് കൊണ്ട് 
   നീ കൊത്തിവെച്ചത് 

    പ്രണയസ്വകാര്യം 
    സൂര്യന്‍റെ ചുവപ്പ് സാക്ഷിയാണ് 

     മണല്‍ തരികളില്‍ നീ കുറിച്ചത് 
     ദരിദ്രനായ കര
     കടലിനു കൊടുക്കേണ്ട 
     കവിതയത്രേ 

     കടല്‍ കരയെ പുണരുന്നിടത്ത്
     കടല്‍ പറഞ്ഞ സ്വകാര്യം
     ആഴങ്ങളിലെ  പവിഴപുറ്റുകളുടെ 
     ജീവിതങ്ങളെ കുറിച്ചാണ്