Sunday, June 02, 2013

പവിഴദ്വീപ്‌

                                             

                                                                  
"ഇതൊരു  കഥയല്ല  യാഥാർത്ഥ്യമാണ്‌ . ചിന്തകളുടെ ഭാരവും   അനുഭവങ്ങളുടെ  തീവ്രതയും അക്ഷരങ്ങളോട് പ്രണയിക്കുമ്പോൾ മാത്രമല്ലേ  ആ സൃഷ്ടിയെ കഥ എന്ന് വിളിക്കുന്നത്‌" .ഇത്രയും എഴുതി കഴിഞ്ഞപ്പോഴേക്കും ചിന്തകൾ കൂടുകൂട്ടിയ മനസ്സ് തലവേദനയായ്  പരിണമിച്ചു മെല്ലെ മെല്ലെ അനന്ദു മയക്കത്തിലേക്ക് വീണു .മയക്കത്തിന്റെ ആലസ്യത്തിൽ അനന്ദുന്റെ മനസ്സ് സ്വപ്നങ്ങളുടെ ചിറകിലേറി യാത്രയായി അങ്ങ് ദൂരേക്ക് എഴുകടലും കടന്ന് ദൂരേക്ക്  മാസ്മരികതയുടെ ദളങ്ങളാൽ കൊതിപ്പിക്കുന്ന ഒരു പവിഴ ദ്വീപിലേക്ക് .
                                                  രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഒരു നിധിയും തേടി ബഹ്റൈൻ എന്ന് വിളിക്കുന്ന ഈ പവിഴ ദ്വീപിലേക്ക് താൻ വന്നത് ചുറ്റും സമുദ്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിൽ ജീവിതത്തിന്റെ നല്ല ഇതളുകൾ ഹോമിക്കപ്പെടുമ്പോഴും സ്വപ്നങ്ങൾ നിറച്ച് പ്രതീക്ഷയുടെ തോണിയുമായി തുഴഞ്ഞിട്ടും കൈകൾ തളർന്നതല്ലാതെ കണ്ടില്ല സ്വപ്നങ്ങൾക്ക് പകരം വെക്കാൻ ഒന്നും ചുടുനിശ്വാസം നിറഞ്ഞ മുറിയിൽ നിന്ന്  ഓഫീസിലേക്കും മത്സരത്തിന്റെയും സ്വാർത്ഥതയുടെയും തീവ്രത നിറഞ്ഞ ഓഫീസിൽ നിന്ന് റൂമിലേക്കും  നടന്ന കണക്കെടുത്ത് നോക്കുമ്പോൾ നഷ്ടപ്പെടലിന്റെ ആഴങ്ങളുടെ തൂക്കം കൂടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല .ഇനി വയ്യ നീര് വറ്റിയ വേര് പോലെയാകാൻ .പോകാനുള്ള അനുമതി കമ്പനിയിൽ നിന്ന്  വാങ്ങി. പിന്നെയുള്ള ദിവസങ്ങൾ മുഴുവൻ നാടിനെ കുറിച്ചായിരുന്നു ആരോടെന്നില്ലാതെ മനസ്സ് യാത്രപറഞ്ഞു  "ഞാൻ നിധി തേടിയലഞ്ഞു തോറ്റിരിക്കുന്നു, യാത്രയാകുന്നു  കടൽ കടന്ന് അങ്ങ് ദൂരെയുള്ള എന്റെ ഗ്രാമത്തിലേക്ക്  ഗ്രാമത്തിലുള്ള എന്റെ കൂടാരത്തിലേക്ക്  പുഞ്ചിരി തൂകി നില്ക്കുന്ന ഹരിതകം മനസ്സിൽ തെളിയുന്നു കുസൃതികാറ്റ് മരച്ചില്ലകളെ ചുംബിക്കുമ്പോൾ അടർന്നു വീഴുന്ന മഞ്ഞു തുള്ളികളെ ഞാൻ ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങുന്നു". 
                                                                          പോകുന്നതിന്റെ തലേന്ന് വൈകുന്നേരം പാസ്പോർട്ട്‌ വാങ്ങാൻ മാനേജരുടെ മുറിയിൽ വന്നനേരം ഹൃദയം നടുങ്ങി .ഇനി രണ്ടു മാസം കഴിഞ്ഞേ പോകാൻ കഴിയൂ ഓഫീസിൽ ആളില്ല ചെറിയ വിങ്ങലുകൾ പോലും താങ്ങാൻ കഴിയാത്ത മനസ്സ് നൊന്തു സ്വപ്നങ്ങൾ കരിക്കട്ടയായ് മാറി മുഖത്ത് ചായം പൂശുന്നു കണ്ണിൽനിന്നുതിർന്ന ചുടു കണ്ണുനീർ മുഖത്തെ വെളുപ്പിച്ചു പ്രവാസത്തിന്റെ കറുത്ത കൈകൾ വീണ്ടും പുണരുന്നു ജനിച്ച മണ്ണിൽ കാലുകുത്താൻ നനഞ്ഞു കുതിർന്ന പച്ചപ്പിന്റെ സൗന്ദര്യത്തിൽ അലിയാൻ ഞാൻ ദയനീയമായി നോക്കി ഇല്ല കണ്ടില്ല മരുഭൂമിയിൽ മഞ്ഞുരുകുന്നത് കണ്ടില്ല നിറകണ്ണുകളോടെ യാചിച്ചു ഇല്ല കേട്ടില്ലാ ഹൃദയം നിലവിളിച്ചത് ആരും കേട്ടില്ല .വീണ്ടും കാത്തിരിപ്പിലേക്ക് പ്രതീക്ഷയാണ് ജീവിതം എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അതിനിടയിൽ ഒരിക്കൽ കൂടി ചെക്കിൽ മോഹങ്ങളുടെ സൈൻ ചെയ്ത്  പ്രലോഭനങ്ങൾ കൊണ്ട്  പ്രവാസത്തിന്റെ രാക്ഷസന്മാർ കളിയാക്കി .പക്യതയില്ലാത്ത മനസ്സ് വീണ്ടും പിടഞ്ഞു ,വീണ്ടും കണ്ണീരിൽ കുതിർന്ന ദിവസങ്ങൾ അവസാനം ഫ്ലൈറ്റിന്റെ സമയത്തിന് രണ്ടു മണിക്കൂർ മുമ്പെ ചങ്ങലകൾ ഊരിയെറിഞ്ഞ് സ്വതന്ത്രനായി പക്ഷെ മനസ്സമാധാനമില്ലാത്ത യാത്രയാണ് എയർപോർട്ടിലേക്ക് അവിടെ നിന്നും പാസ്പോർട്ട്‌ കിട്ടുമെന്ന പ്രതീക്ഷയോടെ .പ്രതീക്ഷ തന്നെയാണ് ജീവിതം എന്ന് പഠിപ്പിച്ച നേരം അവസാനം പാസ്സ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ ഹൃദയം ശാന്തമായി  ഒരു പെരുമഴ പെയ്തു തീർന്ന നിശബ്ദത .ആ നിശബ്ദതയാണ് മനസ്സമാധാനം, ഏറ്റവും വലിയ നിധി  താൻ എന്ത്  തേടി വന്നോ അതെനിക്ക് കിട്ടിയിരിക്കുന്നു ."ഹേ ദൈവമേ നീ എത്ര വലിയവൻ". ബഹ്റൈനിയായ മനെജേറെ വിളിച്ച് ഒന്നേ പറഞ്ഞുള്ളൂ  ചുടുകണ്ണുനീരിന്റെ സാക്ഷിയോടെ ,ഉറക്കം നഷ്ടപ്പെട്ട രാത്രികളുടെ  ഭാരത്തോടെ ,പൊട്ടിക്കരഞ്ഞ നിമിഷങ്ങളിൽ കളിയാക്കലിന്റെ ചിരിയുമായ് വന്ന സഹപ്രവർത്തകന്റെ സ്‌നേഹം തിരിച്ചറിഞ്ഞ നിമിഷങ്ങളുടെ ഞെട്ടലോടെ . ഹൃദയം നിലവിളിച്ചപ്പോൾ വാത്സല്യത്താൽ തലോടി പവിഴദ്വീപിലെ എന്റെ  അമ്മനക്ഷത്രം തന്ന കരുത്തോടെ .പ്രാർത്ഥിച്ച നല്ല മനസ്സുകളുടെ നന്മയോടെ "താങ്ക്    യു .........താങ്ക്  യു സൊ  മച്ച്  സർ
                                                   പുറത്ത് മഴ പെയ്തു തീർന്നപ്പോഴേക്കും അനന്ദുവിന്റെ കടലാസ്സിലും അക്ഷരങ്ങൾ പെയ്തു തീർന്നു "കാലം വീണ്ടും ഓർമ്മിപ്പിക്കാൻ വെമ്പൽ കൊള്ളുന്നു ദിവസങ്ങൾ പലതും ഓർമ്മപ്പെടുത്തുന്നു "ഇത്രയുമെഴുതിയിട്ട്  അനന്ദു തന്റെ തൂലിക എടുത്തു വെക്കുമ്പോൾ ഒരിറ്റ് കണ്ണുനീർ കടലാസ്സിൽ വീണ് അക്ഷരങ്ങളാൽ കുതിർന്നു  തൊട്ടപ്പുറത്ത് ഈ കണ്ണുനീർ കണ്ട് പുഛിച്ച്  കളിയാക്കി ചിരിക്കുന്ന രണ്ട് പേർ ഉണ്ടായിരുന്നു ഇന്നലെ പെയ്ത മഴക്കൊപ്പം അനന്ദു വായിച്ചുതീർത്ത ബെന്യാമിൻ എഴുതിയ ആടുജീവിതത്തിലെ  നിധി തേടിപ്പോയി സ്വന്തം ജീവിതം ബലികഴിച്ച ഹക്കീമും ,വർഷങ്ങളോളം  ആടിനെ പോലെ ജീവിച്ച ഇന്നും എവിടെയോ മനുഷ്യനെ പോലെ ജീവിക്കുന്ന നജീബും . 
                                                                                              - ശുഭം -


NB:ഈ കഥ ജയസൂര്യ ഓണ്‍ലൈന്‍ ,നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന "താങ്ക് യൂ"എന്ന   ബ്ലോഗേർസ് മത്സരത്തിലേക്ക് അയച്ചിട്ടുള്ളതാണ് . മലയാളം ബ്ലോഗേർസ്  ഗ്രൂപ്പ്  സന്ദർശിക്കാൻ :https://www.facebook.com/groups/malayalamblogwriters/
താങ്ക് യൂ  ഫിലീമിനെ കുറിച്ച്  അറിയാൻ  :https://www.facebook.com/ThankYouMMovie)

                                                  
                                                                           . 
                                                                 

Monday, February 04, 2013

ഇടവഴിയിലെ ഇതളുകള്‍

             സ്നേഹത്തോടെ  അമ്മുവിന് ,   
      
                                                             മറന്നോ..  എന്ന ചോദ്യത്തിനു പ്രസകതിയില്ലെങ്കിലും     മറക്കാന്‍ ശ്രമിച്ചിരുന്നോ..?    അറിയാം....... ദൂരേക്ക് പറന്നു പോകാന്‍ ആയിരുന്നല്ലോ പലപ്പോഴും ആഗ്രഹിച്ചിരുന്നതും . ഒന്ന് ചോദിച്ചോട്ടെ  എന്തിനാ  വീണ്ടും വീണ്ടും  ഓര്‍മ്മകളുടെ ചിറകിലേറി  എന്നടുത്തെക്ക് ഓടിവരുന്നത്‌  .പണ്ട് കിലുങ്ങിയ   കൊലുസ്സ്  പിന്നെയും പിന്നെയും   ഹൃദയത്തില്‍  നൃത്തമാടുന്നത് , എന്തിനാ നിശബ്ധമായ കരിവള കിലുക്കം  ചെവികളില്‍  സംഗീതം പൊഴിക്കുന്നത് . ഒരു മയില്‍‌പീലി തേടിയുള്ള യാത്ര  യില്‍  അമ്മുവിനായ് കരുതി വെച്ച  മയില്‍‌പീലി  ഡയറിയില്‍ ഇപ്പോഴും ഉറങ്ങുന്നുണ്ട് . പിണങ്ങിയ അരയന്ന കണ്ണിനാല്‍  അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ "പ്രതീക്ഷയോടെ കാത്തുവെച്ച മയില്‍പീലി  വേണ്ടാ " എന്ന്. ഹൃദയത്തില്‍  ഇപ്പോഴും  ഒരു നൊമ്പരമാണ്  ആ മയില്‍പീലി .ഒന്നിനും ഉത്തരമില്ല എന്നറിയാം  .അമ്മു  ഒന്നറിയണം  നിന്നില്‍ നിന്ന് അകലുമ്പോഴെല്ലാം  ഏകാന്തതയുടെ  ആഴങ്ങള്‍ എന്നിലേക്ക്‌  ആഴ്ന്നിറങ്ങുന്നുണ്ട്  വിരസമായ നിമിഷങ്ങള്‍  എന്നെ  തേടി വരുന്നുണ്ട്  മറക്കാനാകില്ല ഈ  അക്ഷരങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം . പ്രവാസത്തിന്റെ ഇടവേളയില്‍  ഇടവഴികളിലൂടെ  നടക്കുമ്പോള്‍  കൈകള്‍ കോര്‍ത്ത്‌  പിടിച്ചു  തുമ്പികളോടും  പൂമ്പാറ്റകളോടും  കിന്നാരം പറയാന്‍  ഒപ്പം ഉണ്ടായിരുന്നെങ്കില്‍  എന്ന് പലപ്പോഴും  ആഗ്രഹിക്കാറുണ്ട്  . കണ്മഷിയണിഞ്ഞ കണ്ണുകളെ  സ്വപ്നം കാണാറുണ്ട്‌  നിന്റെ കരിവളയില്‍  നോക്കി നെടുവീര്‍പ്പിടാറുണ്ട്‌  വെറുതെയെന്നു ഹൃദയം മന്ത്രിക്കുമെങ്കിലും ഈ  അക്ഷരങ്ങള്‍ എന്നെ സ്വാന്തനപ്പെടുത്തുന്നു മിഴികള്‍ നനഞ്ഞു ഞാന്‍ മോഴിഞ്ഞതല്ലേ മയില്‍‌പീലിയെന്നു നീട്ടിവിളിക്കാന്‍ . ഈ  ഇടവേളയില്‍  ഓര്‍മ്മകളുടെ ഇടവഴിയില്‍  വിരിഞ്ഞ  ഇതളുകള്‍  അമ്മുവും അറിയേണ്ടേ ..ഈ  അക്ഷരങ്ങള്‍ മൊഴിയും  ഈ  കുഞ്ഞു മയില്‍പീലിയുടെ  ഹൃദയം . 
                                 അമ്മൂന്  ഓര്‍മ്മയുണ്ടോ   അന്നത്തെ  നനഞ്ഞ  പ്രഭാതങ്ങള്‍  ഭൂമിയെപുതപ്പിച്ച പച്ചതുണി മഴയാല്‍ നനഞ്ഞുകുതിര്‍ന്നപ്പോള്‍ പച്ചപ്പട്ടുപാവാടയിട്ട  സുന്ദരിയേക്കാള്‍  മനോഹരി .മഴ നനഞ്ഞ പുല്‍ക്കൊടിയെ കൈവിരലാല്‍ മെല്ലെ തലോടിയപ്പോള്‍ നൃത്തം വെച്ച പുല്‍ക്കൊടി പതുക്കെ സ്വകാര്യം ചൊല്ലി  "മഴ നനഞ്ഞു നില്‍ക്കുന്ന എന്നെ കാണാനോ അതോ കൊഴിഞ്ഞുപോയ മയില്‍പീലിയെ കാണാനോ ഈ യാത്ര." ദൂരെ മഞ്ഞിന്‍ കണങ്ങളാല്‍ സുന്ദരിയായ കുന്നുകളെ നോക്കി ഞാനും മൊഴിഞ്ഞു "പച്ചപട്ടുടുത്ത നിന്നെ കാണാന്‍ മാത്രം എനിക്കറിയാം  തിരിച്ചിറങ്ങുമ്പോള്‍ നിന്റെ ഓര്‍മ്മക്കായ് ഒരു  കുഞ്ഞുമയില്‍‌പീലി നീതരുമെന്ന്." 

                                 സംഗീതത്തോടുള്ള എന്റെ പ്രണയം  ഞാന്‍ പറഞ്ഞിട്ടില്ലേ  ചെവികളില്‍ പാടാന്‍ കൊതിച്ച ഗാനം ഇപ്പോഴും  ഹൃദയത്തില്‍ ഉണ്ട്  കേട്ടോ . വിരിയാത്ത പ്രതീക്ഷയില്‍ അങ്ങിനെ ഒരു നൊമ്പരവും . കണ്ടോ അമ്മു  കൈവിരലുകളുടെ  മാന്ത്രികതയില്‍ ശ്രുതിമീട്ടുന്ന അടുക്കിവെച്ച കട്ടകള്‍ക്ക് എന്നോട് പരിഭവം .മങ്ങിയ ശബ്ധത്തില്‍ എന്നോട് ചോദിക്കുന്നു "എത്ര കാലമായി  ഞാന്‍ നിശബ്ദനായിട്ട് നിന്റെ വിരല്‍  സ്പര്‍ശനത്തിന് കൊതിച്ച ദിവസങ്ങള്‍ നിനക്ക് വേണ്ടി മാത്രം  ശ്രുതിമീട്ടാന്‍ കൊതിച്ച ദിവസങ്ങള്‍ ഇനിയെങ്കിലും എനിക്ക് ഇടവേളകള്‍ തരരുത് നിന്റെ വിരലുകള്‍ മീട്ടുന്നത് കേവലമൊരു ശ്രുതിയല്ല എന്റെ ഹൃദയ രാഗമാണ് " 
            കടല്‍ തീരത്തെ സ്വപ്നാടനം എനിക്കെന്നും ഇഷ്ടമാണ്  അത് ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ  അനന്തമായ ആകാശം കടലിനോടു ചേര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാ. സൌഹൃദത്തിന്റെ ഊഷ്മളതയില്‍  പെരിയമ്പലം  കടല്‍ തീരത്തേക്ക് ഒരു യാത്ര പോയി നിറഞ്ഞ മണല്‍ തരികളിലൂടെ  നടക്കുമ്പോഴാണ് തിരമാലകള്‍ പുണരുന്ന എന്നോ തളര്‍ന്നു വീണ ഒരു വൃക്ഷം കണ്ണില്‍പ്പെട്ടത് ഇടയ്ക്കിടയ്ക്ക് ഓടി വരുന്ന തിരമാലകള്‍ ശിഖിരങ്ങളോട് എന്തോ പറയുന്നുണ്ട് .ഈ കറുത്ത ശിഖിരങ്ങളില്‍ നിശബ്ദമായ് ഞാന്‍ ഇരുന്നെങ്കിലും തിരമാലകള്‍ പറയുന്ന സ്വകാര്യം എനിക്ക് മനസ്സിലായില്ല .അമ്മു പറയൂ എന്തായിരിക്കുംതിരമാലകള്‍ പറയുന്ന സ്വകാര്യം .                                                                 
                              പ്രതീക്ഷയുടെ ചിറകിലും സ്വപ്നങ്ങളുടെ തണലിലും ഇനി എത്ര നാള്‍ അറിയില്ല ഒന്നറിയാം ഈ കാത്തിരിപ്പ്‌ എന്നെ നോവിക്കുന്നുണ്ട് കാലത്തിന്‍ ഇതളുകള്‍ പൊഴിയുന്നുണ്ട്‌ വസന്തം ആഗ്രഹിക്കുന്നുണ്ട് .നീണ്ടു കിടക്കുന്ന ഇടവഴികളില്‍ കണ്ണും നട്ടു ഞാനും എന്റെ കവിതയും വിരസമായ ഏകാന്തതയിലാണ് പതിനൊന്നു വര്ഷം പിന്നിലെക്കൊരു യാത്ര പോയത് ഓര്‍മ്മകള്‍ ചിതലരിക്കാതിരിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ട് സ്നേഹരാഗം എഴുതിയ ഓര്‍മ്മ പുസ്തകത്തിലൂടെയുള്ള ഒരുയാത്ര പരിചിത മുഖങ്ങള്‍ തെളിയുന്നു ചിലമുഖങ്ങള്‍ കാലത്തിന്റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരിക്കുന്നു .എന്റെ ചിന്തകള്‍ പഴയ ക്ലാസ് റൂമിലേക്ക്‌ എന്നെ എത്തിച്ചു അലസമായ് കിടക്കുന്ന ക്ലാസ് റൂമില്‍ ഓര്‍മ്മകളുടെ നെടുവീര്‍പ്പില്‍  ഞാനും എന്റെ ചുടു നിശ്വാസവും . ഈ  സ്കൂളിലേക്കുള്ള ഇടവഴിയില്‍ നിന്നല്ലേ  കൊലുസ്സിന്റെ കിലുക്കം കേട്ടത് .ഇപ്പോള്‍ അക്ഷരങ്ങളായി പിറന്നത്‌ .
                               എനിക്കറിയാം അമ്മുനും ഈ വരാന്തയെ കുറിച്ച് ഒരു പാട് പറയാന്‍ ഉണ്ടാകും എന്ന്  ഓര്‍മ്മകള്‍ ചിതറി കിടക്കുന്ന വരാന്തയിലൂടെ നടക്കുമ്പോള്‍ നിശബ്ദനായ് കാവല്‍ നില്‍ക്കുന്ന കല്‍തൂണുകളോട് മെല്ലെ മന്ത്രിച്ചു ."നിനക്കോര്‍മ്മയുണ്ടോ ഓറഞ്ചു മിടായി വാങ്ങിക്കാനായ് സഹോദരിയുടെ ക്ലാസ്സ് റൂം തിരഞ്ഞു നടന്നതും മുതിര്‍ന്നപ്പോള്‍ ഞാനെന്ന ഭാവത്തില്‍ നടന്നതും   ഒരു കുസൃതിയാല്‍ പ്രണയം വിടര്‍ന്നതും ഒരു പുഞ്ചിരിക്കായ് പ്രതീക്ഷിച്ചതും നിരനിരയായ് വരി വരിയായ് നടന്നതും കണക്കൊന്നു പിഴച്ചപ്പോള്‍ പുറത്തു നിന്നതും പ്രയത്നം വിജയമെന്ന് കാണിച്ചു തന്നതും നീ സാക്ഷിയായിരുന്നു .ഇന്ന് ഓര്‍മ്മകളുടെ നെടുവീര്‍പ്പില്‍ നിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വെറുതെ ഓര്‍ത്തു പോകുന്നു ഒരിക്കല്‍ കൂടി ഈ വരാന്തയിലൂടെ ഒരു പൂമ്പാറ്റയായി പറക്കാന്‍ കഴിഞ്ഞെങ്കില്‍ . 
                                 അമ്മുന്റെ കണ്മഷിയണിഞ്ഞ   കണ്ണുകള്‍ നിറയില്ലെങ്കില്‍  ഞാനൊന്ന് പറഞ്ഞോട്ടെ  ഇന്ന്  ആഗസ്റ്റ്‌ പതിമൂന്നാണ്    വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ പ്രഭാതം പുലര്‍ന്നപ്പോള്‍ ആദ്യം പുലരിക്കു സൌന്ദര്യമുണ്ടായിരുന്നെങ്കിലും  പതുക്കെ പതുക്കെ കണ്ണുകളില്‍ കറുത്തപുക പടരുകയായിരുന്നു  യാഥാര്‍ത്യത്തിന്‍റെ തീവ്രത എന്റെ ഹൃദയത്തെ കീറിമുറിച്ചു വാക്കുകള്‍ നിലവിളി സംഗീതമായ് മാറി കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു ഒരു ആശ്വാസവാക്കിനും നിയന്ത്രിക്കാന്‍ ആയില്ലാ ഹൃദയം കീറിമുറിഞ്ഞപ്പോള്‍  ഉണ്ടായ കണ്ണുനീര്‍ പ്രവാഹത്തെ കാരണം എന്നെ നെഞ്ചോടു ചേര്‍ത്ത് കൈകള്‍ ആയിരുന്നു എനിക്ക് നഷ്ടപ്പെട്ടത് , വാത്സല്യത്താല്‍ നിറഞ്ഞ വാക്കുകള്‍ ആണ് എനിക്ക് നഷ്ടപ്പെട്ടത് ,അമൂല്യമായ സ്നേഹചുംബനമാണ്  എനിക്ക് നഷ്ടപ്പെട്ടത് ,അന്ന് രാത്രിയില്‍ ഒരു നക്ഷത്രം ആകാശത്ത് പിറവിയെടുത്തു എന്റെ അമ്മ നക്ഷത്രം  എന്റെ മാത്രം അമ്മ നക്ഷത്രം അമ്മുനെ പോലെ പറക്കാന്‍ ചിറകുകള്‍ കിട്ടിയാല്‍ ആ നക്ഷത്രത്തിന്റെ അടുത്തേക്ക് പറന്നു പോയി ചോദിക്കണം എന്തിനാ എന്നെ വിട്ടു ഇങ്ങോട്ട് പോന്നത് എന്ന് .ഇന്ന് ഞാന്‍  പോയിരുന്നു പടര്‍ന്നു പിടിച്ച പുല്ലുകള്‍ക്കിടയില്‍ ഉണങ്ങിയ മൈലാഞ്ചി ചെടി എന്നെ കണ്ടപ്പോള്‍ മെല്ലെ ചാഞ്ചാടി ഞാന്‍ മെല്ലെ പറഞ്ഞു "ശൂന്യത പലപ്പോഴും എന്നെ വേട്ടയാടാറുണ്ട് വാത്സല്യത്തിന്റെ കരുത്തുറ്റ കൈകളുടെ തലോടലുകള്‍ കൊതിക്കാറുണ്ട് ചിറകുകള്‍ തകര്‍ന്ന സ്വപ്നങ്ങള്‍ ആണ്  എന്നറിയാം എങ്കിലും ഒരിക്കല്‍... ഒരിക്കല്‍ മാത്രം എന്നരികിലെത്തി ഒന്നുറക്കെ മോനെ എന്നുള്ള സ്നേഹമന്ത്രണം കേള്‍ക്കാന്‍ കൊതിക്കുന്ന എന്റെ ഹൃദയം നിറക്കാന്‍ ,കവിളില്‍ സ്നേഹത്തിന്റെ ആശ്വാസത്തിന്റെ സ്നേഹചുംബനം തരാന്‍ എത്തിയെങ്കില്‍  ഈ ചുവക്കുന്ന ഇതളില്‍ വീഴുന്ന കണ്ണുനീരിനു പകരമായ്  സന്തോഷത്തിന്റെ മിഴിനീര്‍ പൂക്കള്‍ ഞാന്‍ വിതറാം" സത്യത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഞാന്‍ പിന്തിരിഞ്ഞു നടക്കുമ്പോള്‍  ആ മൈലാഞ്ചി ചെടി മൌനിയായ് ചാഞ്ചാടുന്നുണ്ടായിരുന്നു  ഒരു പക്ഷെ  അമ്മു..... ആ  പ്രാര്‍ത്ഥനയായിരിക്കണം  ഇടവഴിയിലെ മുള്ളുകള്‍ എന്നെ വേദനിപ്പികാത്തത് . 
                                            ഇനി എഴുതാന്‍ വയ്യ  എന്റെ കൈവിരലും ഹൃദയവും തളരുന്നു  ആ  ഓര്‍മ്മകളെ സ്നേഹിക്കാനുള്ള അവകാശമെങ്കിലും  അമ്മു എനിക്ക് തരണം ,ഓര്‍മ്മകളെ ഞാന്‍ ഒരുപാടിഷ്ടപെടുന്നുണ്ട് മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ മുല്ലപ്പൂവിന്റെ സുഗന്ധം തരുന്നതും ജീവിത ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നതും ഒറ്റപ്പെടുമ്പോഴും ഏകാന്തതയുടെ വേലികള്‍ ചുറ്റി വരിയുമ്പോഴും ആശ്വാസമായ് എത്തുന്നതും ഈ ഓര്‍മ്മകളാണ് കാലിടറാതെ കൈകള്‍ വിറക്കാതെ പ്രതീക്ഷകളുടെ തോണിയില്‍ തുഴയുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുന്നതും ചിതലരിക്കാത്ത ഈ ഓര്‍മ്മകള്‍ മാത്രമാണ് അത് കൊണ്ടാണ് നാളെയുടെ നിശബ്ധതയെ ഭയപ്പെടാത്തത് ,പിന്‍ വിളികള്‍ നോവിക്കാത്തത് തിരിഞ്ഞു നോക്കാന്‍ കഴിയില്ലാ എന്നറിഞ്ഞിട്ടും ഓര്‍മ്മകളെ ഞാന്‍ സ്നേഹിക്കുന്നത് .കൂടുതല്‍ എഴുതുന്നില്ലാ   നിനക്കായ് കാത്തു സൂക്ഷിച്ച  മയില്‍‌പീലി ഇപ്പോഴും ഡയറിയില്‍ ഉറങ്ങുകയാണ്  പ്രതീക്ഷിക്കുന്നുണ്ട് ഞാന്‍  ആ മയില്‍‌പീലി തേടിയുള്ള നിന്റെ വരവിനായ് . ഒത്തിരി സ്നേഹത്തോടെ  ഒത്തിരി നന്മയോടെ   
                                                                                         അമ്മുന്റെ സ്വൊന്തം മയില്‍പീലി