Friday, January 20, 2012

ജനുവരിയിലെ ഡയറികുറിപ്പ്

ഓര്‍മ്മകളെ സ്നേഹിക്കുന്ന , ഓര്‍മ്മകള്‍ മാത്രം സ്വൊന്തമായുള്ള  ,അവന്റെ ഓര്‍മ്മകുറിപ്പുകളുടെ താളുകള്‍ മറിക്കുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ,ഓരോ വരികളിലുംനഷ്ടത്തിന്റെ തീവ്രതയുടെ ആഴം അത്രക്കുണ്ടായിരുന്നു .  എപ്പോഴും വിഷാദത്തിന്റെ നിഴലുകള്‍ നിറഞ്ഞ,ആ കണ്ണുകളില്‍ നോക്കി ഞാന്‍ ചോദിച്ചു  "ആ മനസ്സ് ഞാനും ഒന്ന് വായിച്ചോട്ടെ " മൌനം വാചാലമായെങ്കിലും ,ഒരു ചെറു പുഞ്ചിരി തന്ന് ഈ പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള  യാത്രക്ക് പ്രവാസത്തിന്റെ വാതിലും തുറന്ന് അവന്‍ യാത്രക്കൊരുങ്ങി . ആ ഡയറി താളുകള്‍ എന്റെ ചുടു നിശ്യാസത്താല്‍ മറിഞ്ഞു കൊണ്ടിരുന്നു
ഇന്ന് ജനുവരി 1
"തളിര്‍ത്തു നില്‍ക്കുന്ന ഇലകളും
ഭൂമിയോട് കിന്നാരം പറയുന്ന നക്ഷത്രങ്ങളും .
മനോഹരമായ പുഞ്ചിരിയുമായി പൂത്തുനില്‍ക്കുന്ന നിശാഗന്ധിയും
സാക്ഷി നില്‍ക്കുന്ന ഈ രാത്രിയില്‍.........
 ആ മാലാഖ വീണ്ടും ..പറന്നുവന്നു
വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തുകള്‍ കൊഴിച്ചു
സങ്കടപെടുത്തില്ല ഞാന്‍ .
നോവിക്കില്ല ഞാന്‍ .
സ്വൊയം മറന്നു പറക്കില്ല ഞാന്‍
വിടരുന്ന പുതുവര്‍ഷത്തെ സാക്ഷിയാക്കി പറയുന്നു ...
"സ്നേഹത്തില്‍ വിരിഞ്ഞ ഈ പൂവ് സ്വീകരിച്ചാലും" 

ഇന്ന് ജനുവരി 2
പ്രവാസത്തിന്റെ മുള്‍വേലികള്‍ എന്റെ ഹൃദയത്തെ നോവിക്കുന്നു ..സിരകളില്‍ പടരുന്ന തണുപ്പ് എന്റെ പുതപ്പിനോടുള്ള എന്റെ പ്രണയത്തെ തീവ്രമാക്കുന്നു .. 
ഇന്ന് ജനുവരി 3  
പുഞ്ചിരി വെളിച്ചമാണ്
ഹൃദയത്തിനുള്ളിലെ
ഇരുട്ടില്‍ ഒരു നേരിയ വെളിച്ചം.
മൊഴികള്‍ സംഗീതമാണ്ഹൃദയത്തിനുള്ളിലെ
ആരവങ്ങള്‍ക്കു ആശ്വാസം.
ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകള്‍ കൊണ്ട്
കെട്ടിപ്പടുത്ത പുഞ്ചിരി ചീട്ടു കൊട്ടാരങ്ങള്‍
പോലെ തകര്‍ന്നു വീഴും .
നന്മയുടെ ഇലകളില്‍ വിരിഞ്ഞ
പുഞ്ചിരിക്ക് ഭംഗി കൂടും
മൊഴികള്‍ സുഗന്ധം പടര്‍ത്തും
 

ഇന്ന് ജനുവരി 4 
സ്നേഹം അമൃതാണ്
ആത്മാര്‍ത്ഥമായ വാക്കുകളാലും ,പ്രവൃത്തികളാലും കടഞ്ഞെടുത്ത അമൃത്.
മനസ്സെന്ന കുടത്തില്‍ അമൃതെന്ന സ്നേഹം നിറഞ്ഞു തുളുമ്പട്ടെ.
കപടമായ വാക്കുകള്‍ സ്നേഹത്തിന്റെ അമൃതില്‍ ഒരിക്കലും ചേര്‍ക്കാതിരിക്കുക .
കാലത്തിന്റെ കറുത്ത കൈക
ള്‍, മുഖംമൂടിയണിഞ്ഞ് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുവെങ്കിലും
ആത്മാര്‍ത്ഥമായി തന്നെ നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുമ്പോള്‍ പ്രതീക്ഷിക്കരുത്..
കാരണം നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് നമ്മുടെ സ്നേഹം.
ഒരിക്കലും കാലം നമ്മളോട് ചോദിക്കാതിരിക്കട്ടെ ..........
നിന്‍റെ മനസ്സെന്ന നിറകുടത്തില്‍ അമൃതെന്ന സ്നേഹമല്ല ...വഞ്ചനയുടെ വിഷമായിരുന്നു എന്ന്"
 

ഇന്ന് ജനുവരി 5
ദൂരെക്ക് നീണ്ടു കിടക്കുന്ന ആകാശപന്തലിലേക്ക്
കണ്‍ചിമ വെട്ടാതെ ഞാന്‍  നോക്കിയിരുന്നു
രാത്രിയുടെ പേടിപ്പെടുത്തുന്ന നിശബ്ദത ഉണ്ടെങ്കിലും
എന്നും എന്നെ  കാണാന്‍ വരുമായിരുന്ന ആ അമ്മനക്ഷത്രം
ഇന്നും. എന്നെ  മാത്രം കാണാന്‍ വന്നു  എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അമ്മ നക്ഷത്രം
 എന്നോട് പറഞ്ഞു
"മോനെ .....നീ എന്തിനാ എന്നും എന്നെ നോക്കിയിരിക്കുന്നെ"
  ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാന്‍ സ്നേഹിച്ചു കൊതിതീരുമ്പോഴേക്കും എന്നെ വിട്ടു പോയതെന്തിനാ
എനിക്കുറങ്ങാന്‍ താരാട്ട് പാടി തരാം എന്ന് നുണ പറഞ്ഞത് എന്തിനാ
ആ കഥ മുഴുവനായ്‌ പറയാതെ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും
ദൂരേക്ക് പോയില്ലേ"
എങ്കിലും എനിക്ക് പിണക്കമൊന്നും ഇല്ല
എനിക്ക് അമ്മനക്ഷത്രത്തോട് പിണങ്ങാന്‍ പറ്റില്ല"
  എന്റെ കണ്ണുനീര്‍ ആ വാക്കുകള്‍ക്കൊപ്പം
ഇരുളിലേക്ക് ലയിച്ചു .....
ഒന്നും പറയാനാവാതെ അമ്മ നക്ഷത്രവും
കാര്‍മേഘങ്ങള്‍ക്കിടയിലേക്ക് മെല്ലെ നീങ്ങി
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി എന്നോട്  വിടപറഞ്ഞു തുടങ്ങുന്നു.  
ഇന്ന് ജനുവരി 6     
പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്കിടയില്‍ 
എവിടെയോ വെച്ചാണ് ആ അമ്മയെ ഞാന്‍ കാണുന്നത് 
വിധിയുടെ വേരുകളാല്‍ ചുറ്റി വരിഞ്ഞപ്പോള്‍ നഷ്ട്ടപ്പെട്ട തന്റെ 
മകനെ ഓര്‍ത്ത് തളര്‍ന്നില്ലെങ്കിലും വാത്സല്യത്തോടെ തലോടാന്‍ കൊതിച്ച 
ആ കൈ വിരലുകളില്‍ കവിതകള്‍ പിറക്കുകയായിരുന്നു,
 ആ കവിതകള്‍  മകനുള്ള താരാട്ട് പാട്ടായ് മാറി 
അക്ഷരങ്ങളുടെ ആഴം മകനോടുള്ള സ്നേഹത്തിന്റെ തീവ്രതയെ തുറന്നു കാണിച്ചു  
മകന്റെ ഓര്‍മ്മകള്‍ ഒരു നിശ്വാസത്തില്‍ അവസാനിക്കുമ്പോള്‍ 
കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു .കണ്ണുനീര്‍ തുടക്കാന്‍ കവിതയുടെ ഈണത്തില്‍ ഒരു തൂവാല 
സമ്മാനിച്ച്‌ കൊണ്ട് ഞാന്‍ പറഞ്ഞു ...
"കാലം എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെടുത്തി ,ആ കാലം തന്നെ എന്നെ ഈ പവിഴ ദ്വീപിലേക്ക് എത്തിച്ചതും "
അങ്കണ തൈമാവിലെ മാമ്പഴം ഞാന്‍ ആ അമ്മക്ക് സമ്മാനിക്കുമ്പോള്‍ ആ കണ്ണുകളില്‍ മാതൃസ്നേഹത്തിന്റെ 
വസന്തം വിടരുകയായിരുന്നു  

                    
                                   എന്റെ കണ്ണുനീര്‍ തുള്ളി ആ ഡയറി താളുകളെനനയിച്ചു.എനിക്കറിയാം എന്തിനാണ് അവന്‍ ഈ പവിഴ ദ്വീപില്‍ എത്തിയത് എന്ന് , അവനെ ആ അമ്മ നക്ഷത്രം തന്നെയാണ് ഇവിടെ എത്തിച്ചത് . അവന്‍ ഇപ്പോള്‍ അങ്ങോട്ടുള്ള യാത്രയില്‍ ആയിരിക്കും , ഇരുട്ട് നിറഞ്ഞ അവന്റെ വഴിയില്‍ ഒരു കുഞ്ഞു വെളിച്ചമായ് , ഒരു വഴി വിളക്കായ് എപ്പോഴും ആ അമ്മ നക്ഷത്രവും ഉണ്ടാകും , ആ ഡയറി താളുകള്‍ നെഞ്ചോടു ചേര്‍ത്ത് ഞാനും പ്രവാസത്തിന്റെ പട്ടു മെത്തയില്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക് ....