Sunday, October 21, 2018

തികച്ചും വ്യക്തമാണ്

തികച്ചും വ്യക്തമാണ്
ആശുപത്രി വരാന്തയുടെ 
ഇരുമ്പു കസേരകളിൽ 
ആധി പറഞ്ഞവരുടെ കൂട്ടത്തിൽ
രാഘവേട്ടനും 
ഉമ്മറുക്കയും 
ജോസച്ചായനും
 പറയാതെ പറഞ്ഞത്
ഒന്ന് തന്നെയായിരുന്നു
ദൈവമെന്നത് മനസ്സമാധാനമാണ്
ദൈവത്തിലേക്കുള്ള വഴി
പ്രാർത്ഥനയും.

മൂന്നു പേരോടും
പരസ്പരമറിയാതെ
മതം
ആചാരം
പുരോഗമനം
രാഷ്ട്രീയം
നിയമം
തുടങ്ങിയവയെ കുറിച്ചു ഒരു ചർച്ച 
കുഴിഞ്ഞ കണ്ണുകളിൽ 
ഞെരുക്കം കേൾക്കുന്ന ആഘാതം

വരാന്തയിലൊരു ആളനക്കം

കീറിയ കുപ്പായം
പൊടി പിടിച്ച തലമുടി
അവശനായ ചെറുപ്പക്കാരൻ
കൈകൾ ആരോ പിന്നിലേക്ക് 
വലിച്ചു കെട്ടിയിരിക്കുന്നു

"മധുവല്ലേ"
മൗനം
ചർച്ച ചെയ്യേണ്ട വിഷയങ്ങൾ 
വിവരിച്ചു
"വിശപ്പാണെനിക്ക്
 മതവും ദൈവവും
രാഷ്ട്രീയവും 
പുരോഗമനവും
ആചാരവും"

തികച്ചും വ്യക്തമാണ്
നാറിയ രാഷ്ട്രീയം 
ഞങ്ങളിൽ ഇടാതിരിക്കുക....

ചിത്രം : ചെന്നൈയിൽ ചൂളൈമേടിലെ
വഴിയരികിൽ കണ്ടത്.
Tuesday, June 26, 2018

കടലോര്‍മ്മകള്‍


   ഇന്ന് ജൂണ്‍ 27
   അവന്‍ തന്‍റെ ഡയറിയില്‍ കുറിച്ചു 

    കടലെത്ര മനോഹരം 
    കടലോര്‍മ്മകളോ
    അതിമനോഹരവും 

   ഇരമ്പലിന്‍റെ ചിറകടികള്‍ 
   കണ്ണടച്ച് കേള്‍ക്കുന്ന നേരമായിരിക്കണം 
   നനഞ്ഞു കുതിര്‍ന്ന കമ്പ് കൊണ്ട് 
   നീ കൊത്തിവെച്ചത് 

    പ്രണയസ്വകാര്യം 
    സൂര്യന്‍റെ ചുവപ്പ് സാക്ഷിയാണ് 

     മണല്‍ തരികളില്‍ നീ കുറിച്ചത് 
     ദരിദ്രനായ കര
     കടലിനു കൊടുക്കേണ്ട 
     കവിതയത്രേ 

     കടല്‍ കരയെ പുണരുന്നിടത്ത്
     കടല്‍ പറഞ്ഞ സ്വകാര്യം
     ആഴങ്ങളിലെ  പവിഴപുറ്റുകളുടെ 
     ജീവിതങ്ങളെ കുറിച്ചാണ് 
                                                                    


           

                                  


Friday, February 26, 2016

പെരിങ്ങോട്ടെ പൂമരം
പെരിങ്ങോട് ഗ്രാമത്തിന്‍ നടുവിലൊരു പൂമരമുണ്ട്   കാലങ്ങിള്‍ക്കിപ്പുറവും ചിരിക്കുന്ന പൂമരം 

അതെ.. ഓര്‍മ്മകളുടെ ഇടവഴികളില്‍ എവിടെയോ ഞാന്‍ കാണാറുണ്ട്  ഈ പൂമരത്തെ. ബാല്യകാലത്ത്‌  തുണിസഞ്ചിയും  മണ്ണെണ്ണ ടീന്നുമായ്  റേഷന്‍കടയിലേക്കുള്ള യാത്രയില്‍ ,തയ്ച്ചു വെച്ച പുത്തന്‍ ഷര്‍ട്ട് വാങ്ങാന്‍ രാഘവേട്ടന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ,വെള്ളച്ചായ കുടിക്കാന്‍ ആ ഇരുമ്പ് സൈക്കിളിന്‍ മേല്‍ പോകുമ്പോഴും  എന്നോട് ചിരിക്കാറുണ്ടായിരുന്നു ആ പൂമരം .

തോളില്‍ കൈകള്‍ ചേര്‍ത്ത്  വെച്ച സൗഹൃദത്തിനും ആരുടെയോ പ്രണയാര്‍ദ്രമായ പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരിപ്പിനും എത്ര സാക്ഷിയായിട്ടുണ്ട്  എനിക്കാ പൂമരം . അതിനേക്കാള്‍ ഏറെ  വാത്സല്യത്തിന്റെ രണ്ടു കൈകള്‍ പിടിവിടല്ലേ എന്ന് ചൊല്ലി അമ്മ നക്ഷത്രം എത്രയോ തവണ  ഈ പൂമരത്തിന്‍ കീഴിലുള്ള നടപ്പാതയിലൂടെ പോയിരിക്കുന്നു .മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബര്‍ രാവിലാണ്   ആ പൂമരത്തിനു ചുറ്റുമുണ്ടായിരുന്ന തറകളെല്ലാം പൊളിച്ചു കളഞ്ഞത്  ഞാന്‍ പൂമരത്തോട്  ചോദിച്ചു  വികസനത്തിന്‍റെ വാള്‍തല നിന്നിലേക്കും വരുമോ ..?

നിറം മങ്ങിയ ഇലകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികളെ തലോടിക്കൊണ്ട്  പൂമരമെന്നോട് 

കാലങ്ങളുടെ വേഗതയില്‍ ഈ പെരിങ്ങോട്  ഗ്രാമവും മാറിയില്ലേ  ഉയര്‍ച്ചയിലും വളര്‍ച്ചയിലും താഴ്ചയിലും  ഉറങ്ങാതെ ഞാന്‍ കാവലിരുന്നിട്ടുണ്ട് . എനിക്ക്  അക്ഷരങ്ങള്‍ അറിയുമെങ്കില്‍ എന്‍റെ ചുവന്ന പൂക്കള്‍ കൊണ്ട്  കവിത രചിക്കുമായിരുന്നു.
എനിക്ക് പാടാന്‍ കഴിയുമെങ്കില്‍ ഈ ഗ്രാമം മുഴുവനും പാടി നടക്കുമായിരുന്നു . എനിക്കതിനു കഴിയില്ലല്ലോ  ഒന്നിനും കഴിയാതെ  ഒന്നുമാകാതെ ഞാന്‍ മുരടിച്ചു .സാരമില്ല എങ്കിലും ഞാനിവിടെ വേണം എന്‍റെ ഗ്രാമത്തെ അടയാളപ്പെടുത്താന്‍. എന്‍റെ അരികിലൂടെ വിദ്യ തേടി പോകുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കാന്‍ സമാധാനത്തിന്‍റെ പൂക്കള്‍ ഈ മണ്ണില്‍ വീഴ്ത്താന്‍ പണ്ടത്തെ പെരിങ്ങോടെന്‍ കഥകളെ ഉറക്കെ പറയാന്‍ ,കലയുടെ വിസ്മയക്കൊടി നാട്ടാന്‍ .
                                          പൂമരത്തോട്  ഞാനും ചൊല്ലി "പെരിങ്ങോട് ഗ്രാമമെന്ന സുന്ദരിയുടെ മുടിയിഴയില്‍ കോര്‍ത്തുവെച്ച സ്നേഹ സുഗന്ധമുള്ളതല്ലേ നീ  പെരിങ്ങോട് ഗ്രാമത്തിനൊരു സൗന്ദര്യമുണ്ട്  അത് കൊണ്ടാണല്ലോ അറിവിന്‍റെ തമ്പുരാനെ നമുക്ക് കിട്ടിയതും ,ഒന്നാം ക്ലാസ്സിനടുത്തു മുമ്പ് നിന്നിരുന്ന ആ വലിയ മാവ് നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതമോര്‍ത്ത് ആവലാതിയാല്‍ വെട്ടിമാറ്റിയപ്പോള്‍ "ഞാനെത്ര ഉച്ചക്കുറങ്ങിയതാ ആ തണലുവിരിച്ച മാവിന്‍ പായയില്‍ എന്ന് വിലപിച്ചതും, താളങ്ങളുടെ ആശാനായ കുഞ്ഞുണ്ണി ആശാന്‍റെ ഓര്‍മ്മയില്‍ കവിത പൂവിട്ടതും ,കൂട്ടം കൂടിയാല്‍ ആത്മാര്‍ത്ഥ ചലച്ചിത്രം പിറവിയെടുക്കുമെന്ന് അറിഞ്ഞതും  ,വരയുടെ മാന്ത്രിക ചരടിനാല്‍ വിസ്മയം തീര്‍ത്തതും  ഇനിയും പറയുവാനേറെ ഉള്ളതും  അദൃശ്യമായ ആ സൗന്ദര്യം കൊണ്ടല്ലേ .

ജീവിതം തേടി  എനിക്കിനിയും അലയണം  അതിനു മുമ്പ്   ഒരു ചോദ്യം   
 പെരിങ്ങോടിന്റെ നെറുകയില്‍ ഈ പൂമരം നട്ട കൈകളേതാണ്...?
 

Tuesday, August 25, 2015

നാടക ക്യാമ്പിലെ ചിതലരിക്കാത്ത ഓർമ്മകളിലെ ചിത്രങ്ങൾ

മദിരാശിയിലെ സി.ടി.എം .എ യും  കേരള സംഗീത നാടക അക്കാദമിയും   സംഘടിപ്പിച്ച നാടക ക്യാമ്പിലെ ചിതലരിക്കാത്ത  ഓർമ്മകളിൽ പൂവിട്ട അക്ഷരങ്ങളും ചിത്രങ്ങളും  

                                        (ക്യാമ്പ്   തുടങ്ങുന്നതിനു   മുമ്പുള്ള  എക്സൈസ്  ) 

                                                                              

                                               ഞാനും  വിബീഷും  പ്രാർത്ഥിക്കുന്നു  :) 

                                                                          

                                                      നടന്നു കൊണ്ടൊരു സ്ക്രിപ്റ്റ്‌  വായന 
                                                                                 
(ബൈബിളിലെ ചെറിയ ഭാഗം പാട്ടായ്  ഞാൻ തന്നെ എഴുതി ഞാൻ തന്നെ സംഗീതം ചെയ്തു ഞങ്ങൾ പാടുന്നു :) 
"അവനെ  കല്ലെറിയുക ........  അവനെ കല്ലെറിയുക" 

ക്യാമ്പ്   ഡയറക്ടർ  സുനിൽ മാഷ്‌   നിർദേശങ്ങൾ  തരുന്നു .തൃശ്ശൂർ  സ്കൂൾ  ഓഫ്  ഡ്രാമയിലെ  അദ്ധ്യാപകൻ ആണ്  ഇദ്ധേഹം 
ജിബ്രീഷ്  നാടകത്തിൽ  നിന്ന്  ഒരു രംഗം 

Friday, April 10, 2015

ചിത്രങ്ങൾക്കും പറയുവാനേറെ

                                                       
 
നട്ടുച്ചയിലെ സൂര്യവെളിച്ചം പിറന്നാൾ  
ആശംസകൾ നേർന്നപ്പോഴായിരിക്കണം  
ചിന്തകളിൽ എപ്പോഴോ അടഞ്ഞു പോയ 
കണ്‍പോളകൾ തുറന്നതും കാലം  
പിഴിതെറിഞ്ഞ ജീവിത വേരുകളിൽ  
ബാക്കിവെച്ച ചിത്രം സാക്ഷിയായതും  
ഹേ ചിത്രമേ എന്റെ അഭാവമാണോ 
നിന്നിലെ എന്നെ കാണാൻ കഴിഞ്ഞതും  
പ്രണയിച്ചതും  
എന്റെ ജന്മമാണോ ച ലിക്കേണ്ട  നിന്റെ  
ജീവിതത്തെ നിശ്ചലമാക്കിയത്  
എങ്കിൽ ഈ പാറക്കല്ലിൽ  
തലയടിച്ചു രക്തം കൊണ്ട് മാപ്പ് ചോദിക്കാം  
ഹേ ചിത്രമേ നിന്റെ പിറവിയിൽ ഞാനില്ല  
എന്റെ പിറവിയിൽ നീയുണ്ട്  
എന്നിട്ടും .. 
വാത്സല്യത്തിൻ കൈകൾ ആത്മവിശ്യാസത്തിന്റെ 
 കരുത്ത് എനിക്ക് നഷ്ടപ്പെട്ടു  
നീ പറയുക പൂയം നാളിൽ പിറന്നതോ  
ചില കൈകൾ വഴിമാറി നടന്നതോ എന്റെ തെറ്റ്  
ചിത്രമേ മൗനം വെടിയുക  
നിശ്ചല ചിത്രം പതുക്കെ പറഞ്ഞു  
നീ ഉണരുക കുഞ്ഞേ വാത്സല്യത്തിൻ കൈകൾ  
മൈലാഞ്ചിക്കടിയിൽ നിന്ന്  സ്നേഹിക്കുന്നില്ലേ  
അത്മവിശ്യാസത്തിൻ നീ കൈകൾ മറക്കുക  
പകരം നെഞ്ചോട്‌ ചേർക്കാൻ എന്നിലെ നാല്  
കൈകൾ നിനക്ക് ചുറ്റുമുണ്ട്‌  
അവരിൽ നീ അലിയുക 
ഒന്നായ് ചേരുക എങ്കിൽ പാറക്കല്ലിൽ  
കൊത്തിയെടുത്ത മനോഹര ശില്പമായ്  
മാറും നിന്റെ ജീവിതം  


-ശുഭം -