Saturday, January 29, 2011

മുസ്തഫയും മുംതാസും...

"ഉപ്പ ഇനി പഠിക്കാന്‍ സമ്മതിക്കുമോ എന്നറിയില്ല "സുറുമയെഴുതിയ ആ കണ്ണുകളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് മുംതാസ് അത് പറഞ്ഞത് ."കുറച്ചു പഠിച്ചാ...പോരെ ....അപ്പൊ വീണ്ടും ഇങ്ങോട്ട് വരാല്ലോ"ചിരിച്ചു കൊണ്ടാണ് മുസ്തഫ അത് പറഞ്ഞത് ."അറിയില്ല ......മുംതാസിനോട് സംസാരിക്കാന്‍ എന്തോ ഒരു പ്രത്യേക രസമാണ് ,നിഷ്കളങ്കമായ വാക്കുകള്‍ ."എന്തിനാ കാണണം എന്ന് പറഞ്ഞത് ".മുസ്തഫ മറുപടി ഒന്നും പറഞ്ഞില്ല ,അങ്ങിനെയാണ് മുംതാസിന്റെ മുന്നില്‍ വാക്കുകളൊന്നും പുറത്തേക്കു വരില്ല ,"പിന്നെ പറയാം ".വീട്ടിലേക്കു നടക്കുമ്പോഴും മുസ്തഫയുടെ മനസ്സില്‍ അവളായിരുന്നു.എന്നത്തേയും പോലെ വീട്ടിലേക്കു കേറുമ്പോള്‍ "മുംതാസേ"....എന്ന് വിളിച്ചുകൊണ്ടാണ് ഉമ്മറത്തേക്ക് കയറിയത് "നീ ഭക്ഷണം എടുത്തു വെക്ക്"...ഹ്മ്മം ....ഇപ്പൊ എടുത്തു വെക്കാം "മുംതാസിന്റെ മറുപടികേട്ടു.മുസ്തഫയ്ക്ക് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴു മാത്രമല്ല ഏതു സമയവും മുംതാസിനോട്സംസാരിച്ചിരിക്കണം.അവളെ കണ്ടതുമുതല്‍ അങ്ങിനെയാണ് ഏകാന്തതയിലെ ഒരാശ്വാസം പോലെ .അവളെ കണ്ടത് മുതല്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല അവന്.ആരുമില്ലാത്ത അവന് എല്ലാമായിരുന്നു അവള്‍ ."ഉറക്കം വന്നിട്ട് വയ്യ മുംതാസേ ..ഇനി നാളെ പഠിക്കാം ".കോളേജില്‍ എത്തിയപ്പഴേക്കും സമയം വൈകിയിരുന്നു എങ്കിലും ക്ലാസ്സിലെത്തിയപ്പോള്‍ ഒളികണ്ണിട്ടു നോക്കി വന്നിട്ടുണ്ടോ എന്ന്.ചുവപ്പ് ചുരിദാര്‍ തനിക്കിഷ്ട്ടമുള്ള ചുരിദാര്‍ ആണല്ലോ ,ഈ ദിവസമെന്തേ ഈ ചുരിദാര്‍ ഇടാന്‍ ,മനസ്സിനെന്തോ ഒരു ....അറിയില്ല തന്നെ സ്നേഹിക്കാനും ആരോ ഉള്ളത് പോലെ "ദാ.........മിട്ടായി "മുസ്തഫയ്ക്ക് അപ്പോഴാണ് ക്ലാസ്സിലാണ് എന്ന ബോധം ഉണ്ടായത് "എന്റെ നിശ്ചയമായിരുന്നു ഇന്നലെ "ഒരു മിന്നല്‍ പിന്നെ മഴയായിരുന്നു ഓരോ മഴത്തുള്ളികളും എന്തക്കയോ പറഞ്ഞു കൊണ്ടിരുന്നു .മുസ്തഫ വീട്ടിലേക്കു കയറുമ്പോഴും മഴനിന്നിരുന്നില്ല വിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഭക്ഷണം എടുത്തുവെക്കാന്‍ ആരുമുണ്ടായിരുന്നില്ല ,ഇരുട്ടായിരുന്നു അവിടെയെല്ലാം ആ ഇരുട്ടിനു മുമ്പത്തേക്കാള്‍ ആഴം കൂടുതല്‍ ഉണ്ടായിരുന്നു .

Monday, January 24, 2011

കാലമെന്ന ചക്രം

ആരോ ഒരാള്‍ തിരിക്കുന്നു 
കാലമെന്ന ചക്രം തിരിക്കുന്നു 
വിശപ്പിന്റെ തീനാളങ്ങളാല്‍ 
കുഞ്ഞു പൈതങ്ങള്‍ കരയുമ്പോഴും  
കുഞ്ഞു പെങ്ങമ്മാരുടെ മാനം  
തെരുവില്‍ ഒഴുകുമ്പോഴും  
ചക്രം തിരിയുകയാണ്  
മതം അന്ധനായി മാറി  
തമ്മില്‍ വെട്ടിമുറിക്കുമ്പോഴും  
ദാരിദ്ര്യം അലസതയിലെക്കും  
അലസത ആത്മഹത്യയിലേക്കും   
വഴിമാറുമ്പോഴും ........
കാലചക്രം തിരിയുകയാണ് 
ആരോ ഒരാള്‍ തിരിക്കുകയാണ് 
നിശബ്ദനായ് ........
നിസംഗതനായ്........

  

Saturday, January 15, 2011

നിശബ്ദതയിലെ ശബ്ദം...

നിശബ്ദമായ വഴിയിലൂടെ അയാള്‍ നടന്നു .പ്രകൃതി നിശബ്ദമാണെങ്കിലും അയാളുടെ മനസ്സ് നിശബ്ദമായിരുന്നില്ല .കടലിലെ തിരമാലപോലെ അലയടിക്കുകയാണ്‌ അയാളുടെ മനസ്സ് ."ഞാന്‍ ഏകാനാണോ, ഞാന്‍ ഒറ്റപ്പെട്ടുവോ ഞാന്‍ മാത്രമെന്തേ ഇങ്ങിനെ, ഇത്ര വേദനിക്കുന്നത് ഞാന്‍ മാത്രമാണോ"അയാളുടെ മനസ്സില്‍ ചോദ്യങ്ങളുടെ മഴ പെയ്യുകയായിരുന്നു.പുറത്ത് നിശബ്ദതയുള്ളതു കൊണ്ടായിരിക്കാം അയാളുടെ മനസ്സിലെ അലയടി ആരും അറിഞ്ഞില്ല."അതിഭീകരമായ അനാഥത്തിലേക്ക് താന്‍ വീണപ്പോഴും ,മനസ്സ് മുരടിപ്പിക്കുന്ന ഏകാന്തതയെക്കാളും ആഴം കൂടുതലാണ് ഈ വേദനക്ക്.തന്റെ വിടരാന്‍ ഇഷ്ടപെടാത്ത ദിവസങ്ങളിലേക്ക് എന്തിനാണ് അവള്‍ വന്നത് ഓരോ ദിവസവും വിടരാന്‍ കൊതിക്കുന്നതിനു വേണ്ടിയോ അതോ വിടരുംപോഴെല്ലാം സുഗന്ദം പടര്‍ത്തുവാനോ.തന്റെ സങ്കുചിതമായ മനസ്സിലേക്ക് എന്തിനാണ് അവള്‍ വന്നത് സങ്കുചിതമായ മനസ്സ് വിശാലമാക്കാനോ.സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും എന്തിനാണ് അവള്‍ തന്നെ പഠിപ്പിച്ചത് വേദനയുടെ ആഴം കൂട്ടുവാനോ ഇങ്ങിനെ ഒരായിരം ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ പെയ്യുകയാണ് .എപ്പോഴോ മഴ തോര്‍ന്നസമയത്ത് അയാള്‍ പരിസരം ശ്രദ്ധിച്ചു ചിന്തകള്‍ പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റെയില്‍പാളങ്ങള്‍ അയാള്‍ വീണ്ടും മുമ്പോട്ടു നടന്നു ആ ചിന്തകളിലൂടെ പിന്നില്‍ നിന്ന് അയാള്‍ അപ്പോഴും കേട്ടുകൊണ്ടിരുന്നു അവളുടെ ചിരിയും വാക്കുകളും "ഒരു നിമിഷം വെറുത്തുപോയ്‌"പുറത്ത് നിശബ്ദതയുള്ളതു കൊണ്ടായിരിക്കാം ആ വാക്കുകള്‍ ആരും കേട്ടില്ല .     

Monday, January 03, 2011

എന്നെ കുറിച്ച് .........

       എന്റെ പേര് ഷാജി പാലക്കാട്‌ ജില്ലയിലെ മനോഹരമായ ഒരുഗ്രാമമുണ്ട്‌ "പെരിങ്ങോട്"..അവിടെയാണ് ജനിച്ചതും വളര്‍ന്നതും .താളങ്ങളുടെ ഗ്രാമമാണ്‌ പെരിങ്ങോട് അതുകൊണ്ട് തന്നെ എന്റെ ഗ്രാമത്തിനു ഒരുതാളമുണ്ട് സ്നേഹത്തിന്റെ താളം ,സൌഹൃദത്തിന്റെ താളം .ചെറുപ്പം മുതലേ സംഗീതവും വായനയും ഒരുപാടിഷ്ടമാണ് .സംഗീതത്തെ  ശാസ്ത്രീയമായി അറിയില്ലെങ്കിലും ഒരു ഗായകനാവാന്‍  
ആഗ്രഹിച്ചിരുന്നു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു പരിശ്രമിച്ചില്ല അതിനു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 
ജീവിത സാഹചര്യങ്ങള്‍ എപ്പോഴോ എന്നെ അന്തര്‍മുഖനാക്കിയിരുന്നു  അതായിരിക്കാം ഞാന്‍ എഴിതിയവരികളും അതിലെ സംഗീതവും  
ഡയറിക്കുള്ളില്‍ മാത്രം ഒതുങ്ങിയത് .മനസ്സിലെ അന്തര്‍മുഖതയില്‍നിന്നു പുറത്തു കടന്നപ്പോഴേക്കും ജീവിത യാഥാര്‍ത്ഥ്യം എന്ന ചുഴിക്കുള്ളില്‍പ്പെട്ടിരുന്നു എങ്കിലും മനസ്സിന്റെ ഏതോ ഒരു കൊണിലുണ്ട് സുഖം തരുന്ന ആ ആഗ്രഹങ്ങള്‍ .പ്രവാസമെന്ന ശിക്ഷയില്‍ മെഴുകുതിരി പോലെ എരിയുമ്പോള്‍ വീണ്ടും  വരികള്‍ കുറിച്ചിടാന്‍ ഒരു മോഹം അതാണെന്നെ മയില്‍പീലിയിലേക്ക്  എത്തിച്ചത് . 
എന്‍റെ ഓര്‍മകളാണ് മയില്‍പീലി ... ആ മയില്‍പീലിയില്‍ ഒരുപാട് നിറങ്ങളുണ്ട് സ്നേഹം വേദന നഷ്ടപെടലുകള്‍ പ്രണയം അങ്ങിനെ ഒരുപാടു ......