Monday, March 19, 2012

സ്വപ്‌നാക്ഷരങ്ങള്‍

                                                                    പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍   ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍  കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍  കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു. 
                                                         ആകാശപന്തലില്‍  നിലാവ് പുഞ്ചിരി പൊഴിച്ചു,ആ പുഞ്ചിരിയുടെ പ്രകാശത്താല്‍ മുഖരിതമായ പ്രകൃതി ,നിശാഗന്ധി മനോഹരമായിപുഞ്ചിരിച്ചുതുടങ്ങി .  സ്വപ്‌നാക്ഷരങ്ങളുടെ ചിറകിലേറി മാലാഖമാര്‍ പറന്നു വന്നു .ഇപ്പൊള്‍  രണ്ടു പേരും അരയന്നങ്ങള്‍ നീന്തി കളിക്കുന്ന ഒരു തടാകത്തിന്റെ കരയില്‍ ആണ് പ്രണയത്തിന്റെ നിശബ്ദമായ നിമിഷത്തില്‍ നീര്‍ച്ചോലകളുടെ ശബ്ദ മാധുര്യത്തെക്കാള്‍ മനോഹരമായി അവള്‍ മൊഴിഞ്ഞു.
"ഇനിയും നിന്റെ കവിതകള്‍ പുനര്‍ജ്ജനിച്ചില്ലെങ്കില്‍  പ്രണയാര്‍ദ്രമായ അക്ഷരങ്ങളില്‍  സ്വപ്‌നങ്ങള്‍ സൃഷിടിച്ചില്ലെങ്കില്‍ ഞാന്‍ അറിയുന്നു  ഇഷ്ടത്തിന്റെ ഒഴുക്ക് എത്രമാത്രം കുറയുന്നു എന്ന് " 
അവളുടെ പിണങ്ങിയ അരയന്ന നേത്രത്തിലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയാല്‍ അവനും മൊഴിഞ്ഞു .
 കവിതകളിലെ ഓരോ അക്ഷരങ്ങളും നിന്റെ ശ്വാസത്തില്‍ ഉതിര്‍ന്നു വീണ സ്നേഹത്തിന്റെ മുത്തു കളാണ് , കവിതകളിലെ കാല്പനികാഭാവം  മുഖങ്ങളില്‍ വിടര്‍ന്ന പ്രണയത്തിന്റെ ചേഷ്ടകള്‍ മാത്രമാണ് .എങ്കിലും എന്റെ മനസ്സില്‍ അലയടിക്കുന്ന തിരമാലകള്‍ അക്ഷരങ്ങള്‍ക്ക് ജന്മം കൊടുക്കാറുണ്ട് പക്ഷെ ഇന്ന് നിര്‍വികാരതയുടെയും ഏകാന്തതയുടെയും മുള്‍വേലികള്‍ അക്ഷരങ്ങളെ ചുറ്റി വരിഞ്ഞിരിക്കുന്നു .ആ മുള്‍ വേലികള്‍ തകര്‍ക്കാന്‍ എനിക്കാകുന്നില്ല .അക്ഷരങ്ങള്‍  നഷ്ടപ്പെടുന്നുവോ അക്ഷരങ്ങളെ സ്നേഹിക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്നുവോ . തീവ്രവികാരങ്ങളുടെ കാര്‍മേഘം അക്ഷരമഴയായ് പെയ്തുതീരാത്തതെന്തേ .അറിയില്ല എനിക്കൊന്നും അറിയില്ല ,ഒന്നറിയാം അക്ഷരങ്ങള്‍  നഷ്ടപ്പെട്ടാല്‍ വികാരങ്ങളുടെ അഗാധതയില്‍ ഇരുന്നു കൊണ്ട് എനിക്ക് നിലവിളിക്കേണ്ടിവരും നിന്റെ കൈകളില്‍ വീഴുന്ന കണ്ണ് നീരാണ് സത്യം .
ആ നിലവിളി,സ്വപ്‌നങ്ങളെ നീര്‍കുമിളകളെ പോലെ  ശൂന്യതയിലേക്ക് കൊണ്ട് പോയി .കെട്ടുപോയ  മെഴുകുതിരിയുടെ പ്രകാശം വീണ്ടും തെളിഞ്ഞു  ,അവസാന വെള്ള കടലാസ്സില്‍ ,കണ്ട സ്വപ്‌നങ്ങള്‍ അക്ഷര ങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ സ്വപ്‌നാക്ഷരങ്ങള്‍ പിറക്കുകയായിരുന്നു.