Sunday, April 25, 2021

അടുത്ത സീനും ഷൊർട്ടും എഴുതേണ്ടത് നിങ്ങളാണ്)

 അടുത്ത സീനും ഷൊർട്ടും എഴുതേണ്ടത്

നിങ്ങളാണ്..
-- --- ---- ---- ---- --- ---

സീൻ 1 ഷോർട്ട് 1
സ്ഥലം  ഹോസ്പിറ്റലിന് മുൻവശം
"ക്യാമറ റോൾ
"ആക്ഷൻ"

" എനിക്കൊന്ന്  കരയണം"
"എന്തിന് "
"ചക്രങ്ങൾക്കിടയിൽ ശ്വാസം കിട്ടാതെ
മരിച്ചു കിടക്കുന്നത് എന്റെ ഭാര്യയാണ്"

"കരയരുത് ഇതൊരു യുദ്ധമാണ്
നിങ്ങളുടെ ഭാര്യ രക്തസാക്ഷിയും"

"ഓക്സിജനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ"

"മിണ്ടരുത് വർഷങ്ങൾക്ക് മുമ്പ് ഓക്സിജനില്ല എന്ന് നിലവിളിച്ച ഡോക്ടർ
ജയിലിൽ നിന്ന് ഇറങ്ങിയത് ഈ അടുത്താണ്."

"കോടികളാണ് നിങ്ങൾ
പ്രതിമക്കും
മസ്ജിദുകൾക്കും
ക്ഷേത്രങ്ങൾക്കും
ചർച്ചുകൾക്കും
വേണ്ടി ചിലവഴിച്ചത്"

"വിഡ്ഢി.....
മതം ഞങ്ങളുടെ ആയുധമാണ്"

"എന്റെ ഭാര്യയെ ദഹിപ്പിക്കാൻ ഇനിയും
എത്ര നേരം !!!!

"ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ ഭാര്യ
രക്തസാക്ഷിയാണ്.  കള്ളപ്പണം കണ്ടെത്താൻ ATM ന് മുന്നിൽ ക്യൂവിൽ നിന്നത്  രാഷ്‌ട്രത്തിന് വേണ്ടിയാണ് .
അത് പോലെ കാത്തു നില്ക്കൂ"

രാഷ്ട്രമാണ് എന്റെ ഭാര്യയെ കൊന്നത് "

"130 കോടി ജനങ്ങളെ വഞ്ചിക്കുന്നോ. ശത്രുരാജ്യങ്ങളെ സാഹായിക്കുന്നോ!!!
നിങ്ങളെ ദേശദ്രോഹിയാക്കാൻ ഞങ്ങൾക്ക് എളുപ്പമാണ്"

"ഒരു പഴം കിട്ടുമോ"
"എന്തിനാണ് "
"എല്ലാവരെയും പോലെ വായിൽ
കുത്തി തിരുകാനാണ്"

"കട്ട്"  
"ആർട്‌സ് ടീം........

(അടുത്ത സീനും ഷൊർട്ടും എഴുതേണ്ടത്
നിങ്ങളാണ്)

-ഒരു കുഞ്ഞുമയിൽപീലി-




Sunday, May 10, 2020

ഇ- ലോക പൊതുജന അറിയിപ്പ്‌
...... ...... ...... ......... ........ ....... .....

ചില ജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്

ആഗോള തലത്തിൽ
വ്യാപിച്ചു കിടക്കുന്ന
സാമൂഹിക മതിലുകളിൽ
 മാതൃദിനത്തിൽ
കൂടെ നിർത്തി ചിത്രമെടുക്കാൻ
"ഒരമ്മയെ വേണം"

എൻഡോസൾഫാന്റെ നാട്ടിലെ
 തന്റെ കുഞ്ഞിനരികിൽ ഇരിക്കുന്ന
കുഴിഞ്ഞ കണ്ണുകളുള്ള അമ്മമാർക്ക്
മുൻഗണന

അഭയാർഥി ആകാനുള്ള നെട്ടോട്ടത്തിനിടയിൽ
കമിഴ്ന്നു കിടന്ന് മണലിൽ മരിച്ച
ആ ബാലികയുടെ അമ്മയെ പോലെയുള്ളവർക്കും മുൻഗണന

രാഷ്ട്രീയവും
വർഗീയതയും
ജാതീയതയും
യുദ്ധവും
ലഹളയും
അധികാരവും
ഭരണവും
അനാഥമാക്കപ്പെട്ട അമ്മമാരുണ്ടെങ്കിൽ
അവരും മുൻഗണന ക്രമത്തിലുണ്ട്


മാതൃദിനം കഴിഞ്ഞാൽ
അനാഥ മന്ദിരങ്ങളിലേക്ക്
സ്വന്തം ചിലവിൽ എത്തിക്കുന്നതായിരിക്കും

എന്ന് മാതൃ സ്നേഹത്തിനു വേണ്ടി
മുറവിളി കൂട്ടുന്ന
ആരൊക്കെയോ ചേർന്ന്
മുലപ്പാലു പോലും
നിഷേധിക്കപ്പെട്ട
കുഞ്ഞുങ്ങളുടെ
പ്രതിനിധി

ഒപ്പ്...





Monday, March 23, 2020

കരുതലിനെ മറക്കാതിരിക്കാം


കരുതലാണ് എല്ലാം
കരുതലിനെ മറക്കാതിരിക്കാം

മാനസിക അകലമല്ല

പുറത്തു നിന്ന്
അകത്തേക്ക്
കുറച്ചു നാൾ

കുറെ നല്ല നാളേക്ക് വേണ്ടി

ഓർക്കൂ .
ചുറ്റും കുഞ്ഞുങ്ങളുണ്ട്
വൃദ്ധരുണ്ട്...
സ്ത്രീകളുണ്ട്
അങ്ങിനെ പലരുമുണ്ട്

നോക്കൂ നമ്മുടെ പൂന്തോട്ടം
നമ്മളാണ് സംരക്ഷിക്കേണ്ടത്

നമ്മളൊന്ന് അകത്തിരുന്നാൽ
നമ്മുടെ കരുതലിന് അവരുണ്ട്

വെളുത്ത വസ്ത്രം ധരിച്ച
മാലാഖമാരും
ഗന്ധർവ്വന്മാരും

കരുത്തു പകരുന്ന
വാക്ക് കേൾക്കൂ

"ഒപ്പമല്ല
 മുന്നിലുണ്ട്"


യുവത്യം പറയുന്നു
"ഞങ്ങളുണ്ട് കൂടെ"

ഭയമല്ല
"കരുതലാണ് "


നിലവിളിക്കുന്ന ആശുപത്രി
വരാന്തകൾ നമുക്ക് വേണ്ട

ഇനിയും നിറമുള്ള പൂക്കൾ
വിരിയാനുള്ളതാണ്..

വ്യാപനം അപകടകരമാണ്
ചങ്ങലകൾ പൊട്ടിച്ചു
തകർക്കേണ്ടതുണ്ട്

"യുവത്യമേ
ശ്രദ്ധാലുവാകൂ"

കരുതലിന്  ഒരുമിച്ചു
കരം പിടിക്കാനുള്ളതാണ്..

ഇനിയും  നിറമുള്ള
പൂക്കൾ വിരിയാനുള്ളതാണ്

-ഒരു കുഞ്ഞുമയിൽപീലി-






മറക്കാതിരിക്കാം

Thursday, February 13, 2020

ബിഗ്‌ ബോസപ്പൻ



അപ്പാ..

സന്ധ്യാ സമയങ്ങളിൽ
ഞങ്ങടെ കുട്ടികളെ ഈ ചതുരപ്പെട്ടിക്ക്
മുന്നിലേക്ക് ആകർഷിക്കേണമേ

അപ്പാ

കൂടുമ്പോൾ ഇമ്പമാർന്ന ഞങ്ങടെ
കുടുംബത്തിലിരിക്കാതെ
നാണയ തുട്ടിനു വേണ്ടി അങ്ങയുടെ
സന്നിധിയിൽ അലയാൻ ഞങ്ങൾക്ക്
ഭാഗ്യം തരേണമേ

അപ്പാ

അങ്ങയുടെ ഓരോ ടാസ്ക്കുകളും
ഞങ്ങൾക്കുള്ള  പരീക്ഷണശാലകളാണെന്ന് വ്യക്തമാണ്

മുകളിലേക്ക് നോക്കി
കോടികൾക്ക് വേണ്ടി
തലതിരിഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും
 ചേർക്കേണമേ

അപ്പാ

അങ്ങയുടെ കൊട്ടാരത്തിലെ
ലഹളയുടെ ആത്മീയതയിൽ
ഇങ്ങിനെയിരുന്ന് അശ്ലീല വാക്കുകൾ
മൊഴിയാൻ ഞങ്ങടെ മക്കൾക്ക്
ഒരു തവണയെങ്കിലും അവസരം
കൊടുക്കപ്പാ..

സമാധാനത്തിന്റെ ചീവീടുകൾ
പാടുന്ന അങ്ങയുടെ ഗീതങ്ങളിൽ
അലിഞ്ഞ് മറിഞ്ഞ്
റേറ്റിങ് കൂട്ടാനുള്ള ആഗോള ലക്ഷ്യത്തിൽ
ഞാനും ഒരു പങ്കാളിയാണ്

ഞങ്ങൾ പാവങ്ങളാണപ്പാ

- ഒരു കുഞ്ഞു മയിൽപ്പീലി-

Saturday, January 11, 2020

മരടിന്റെ മരണാനന്തരം

മരടിനെ മരടിലേക്കുയർത്തിയവർ
വീണ്ടും വീണ്ടും
"ചുവപ്പ് ചരടുകൾ"
അഴിച്ചും കെട്ടിയും
ആർത്തു ചിരിക്കുന്നുണ്ടാവണം

വയറിൽ മണ്ണിട്ട നെൽവയലുകൾ
കരൾ മുറിച്ചെടുത്ത കുന്നുകൾ
വേരുകൾ വേർപ്പെട്ട
തോടുകളും പുഴകളും

കണ്ണ് കുത്തിപ്പൊട്ടിച്ച
മാട്ടങ്ങൾ

അങ്ങിനെയിങ്ങിനെ എത്രയാണ്
പരമോന്നത നീതിപീഠത്തിലേക്കെത്താൻ
വെപ്രാളപ്പെട്ട് നിലവിളിക്കുന്നത്..

അവർ ചുവപ്പുചരടുകൾ
അഴിച്ചും കെട്ടിയും
ആർത്തു ചിരിക്കുന്നു
രാഷ്ട്രീയം പറയുന്ന
 അരാഷ്ട്രീയവാദികൾ
അവർക്ക് ചുറ്റുമിങ്ങനെ
മണത്തു മണത്തു
നാറിയട്ടങ്ങിനെ..

-ഒരു കുഞ്ഞുമയിൽപീലി-